'ബുധനാഴ്ച പിൻവലിക്കും, ശനിയാഴ്ച വീണ്ടും നടപ്പാക്കും'; ട്രംപിന്റെ തീരുവ നയങ്ങളെ പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

  1. Home
  2. National

'ബുധനാഴ്ച പിൻവലിക്കും, ശനിയാഴ്ച വീണ്ടും നടപ്പാക്കും'; ട്രംപിന്റെ തീരുവ നയങ്ങളെ പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

belgium president


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്രേഡ് താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവെർ. ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ നടന്ന ഇന്ത്യ-ബെൽജിയം ഉന്നതതല ചർച്ചയിൽ സംസാരിക്കവെയാണ് ബാർട്ട് ഡി വെവെർ ട്രംപിന്റെ നയങ്ങൾക്കെതിരെ വിമർശനമുന്നയിച്ചത്.

വ്യാപാര തടസ്സങ്ങൾ വർധിപ്പിക്കാനും വിപണികൾ അടച്ചുപൂട്ടാനും ഏകപക്ഷീയമായി തീരുവകൾ ഏർപ്പെടുത്താനും ഇന്ന് ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഒരു തീരുമാനം എടുക്കുകയും ബുധനാഴ്ച അത് പിൻവലിക്കുകയും ശനിയാഴ്ച വീണ്ടും നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ട്രംപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പ്രസംഗത്തിന് വലിയ കൈയടിയാണ് സദസ്സിൽ നിന്നും ലഭിച്ചത്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വ്യാപാര നയങ്ങളിലും തീരുവകളിലും ട്രംപ് ഭരണകൂടം അടിക്കടി വരുത്തുന്ന മാറ്റങ്ങളെയാണ് ബെൽജിയം പ്രധാനമന്ത്രി വേദിയിൽ വിമർശിച്ചത്.