'ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാൻ കഴിയില്ല, നാളെയും പ്രതിഷേധം': രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദി അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാർച്ച് തടയാനും കൂടിക്കാഴ്ചകൾ നിഷേധിക്കാനും സർക്കാരിനും പോലീസിനും സാധിച്ചേക്കാം,
എന്നാൽ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാൻ കഴിയില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ പോരാട്ടം തുടരുമെന്നും നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതിനിടെ, ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രണ്ട് മണിക്കൂറിന് ശേഷം പോലീസ് വിട്ടയച്ചു. പോലീസിന്റെ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.
