ടിവികെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം
ജനങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് സി.പി.എം.
ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റും നിയമസഭാ സമുച്ചയവും നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ പ്രതിഷേധത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് മുന്നറിയിപ്പ് നൽകിയത്. 34 ശതമാനം വോട്ട് മാത്രം ലഭിച്ച ടിവികെ സർക്കാർ ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് നിലനിൽക്കുന്നതെന്നും ഷൺമുഖം ഓർമ്മിപ്പിച്ചു.
പദ്ധതി പ്രദേശത്തെ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന സെക്രട്ടേറിയറ്റ് നിർമാണ ഉത്തരവ് പിൻവലിക്കണമെന്നും കൊയമ്പേട്, ഗിണ്ടി റേസ് കോഴ്സ് തുടങ്ങിയ ബദൽ സ്ഥലങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരമായി സർവ്വകക്ഷിയോഗം വിളിച്ചില്ലെങ്കിൽ നിർമാണ പ്രവൃത്തികൾ തടസ്സപ്പെടുത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി.
