ബെംഗളൂരുവിലെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലറോ?; മൂന്നു മാസത്തിനിടെ സമാനരീതിയിൽ 3 സംഭവങ്ങൾ

  1. Home
  2. National

ബെംഗളൂരുവിലെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലറോ?; മൂന്നു മാസത്തിനിടെ സമാനരീതിയിൽ 3 സംഭവങ്ങൾ

serial


ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് വീണ്ടും വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെർമിനൽ(എസ്.എം.വി.ടി) റെയിൽവേ സ്റ്റേഷനിലാണ് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31നും 35നും ഇടയിൽ പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയിൽ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണ് ഇത്. 

ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ഉപേക്ഷിച്ച നിലയിലുള്ള നീല ഡ്രമ്മിൽ ഇരുപത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 6ന് ബംഗാരപേട്ട്-സർ എം വിശ്വേശ്വരയ്യ ടെർമിനൽ, ബൈയപ്പനഹള്ളി മെമു സ്‌പെഷ്യൽ റിസർവ് ചെയ്യാത്ത കോച്ചുകളിൽ മഞ്ഞ ചാക്കിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. മറ്റ് ലഗേജുകൾക്കൊപ്പം തള്ളിയ നിലയിലാണ് കണ്ടെത്തിയത്. 
എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. എസ്എംവിടി, യശ്വന്ത്പുര സ്റ്റേഷനുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കുമെന്നും കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വീപ്പ ഉപേക്ഷിച്ചവരെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

2022 ഏപ്രിൽ 9 ന്, ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ദേശീയ പാത 40 ന് സമീപം നീല ഡ്രമ്മിൽ 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ബംഗളൂരുവിൽ നടന്ന സംഭവങ്ങൾക്ക് സമാനമായതിനാൽ എന്തെങ്കിലും സൂചനകൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.