ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കഷണമാക്കി നദിയിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

  1. Home
  2. National

ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കഷണമാക്കി നദിയിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

murder


തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പൂക്കച്ചവടക്കാരനായ പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ ഭാര്യ വിനോദിനി (26), ഇവരുടെ കാമുകൻ ഭാരതി (23), സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരാണ് അറസ്റ്റിലായത്. വിനോദിനിയുടെ അവിഹിത ബന്ധം പ്രഭു ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദിനിക്കും പ്രഭുവിനും ഒരു മകളും മകനുമുണ്ട്.

പ്രഭുവിന് ഉറക്കഗുളിക നൽകിയ വിനോദിനി, ഭാരതിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരുച്ചിറപ്പള്ളി-മധുര ഹൈവേയ്ക്കു സമീപം മൃതദേഹം കത്തിച്ച് സംസ്‌കരിക്കാൻ ശ്രമിച്ചെങ്കിലും മഴ കാരണം കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം രണ്ടു കഷണങ്ങളാക്കി കാവേരി, കൊല്ലിഡാം നദികളിൽ ഉപേക്ഷിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നവംബർ നാലിനാണ് സംഭവം നടന്നത്. നവംബർ അഞ്ചിന് പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് വിനോദിനി പ്രഭുവിന്റെ സഹോദരനോടു പറഞ്ഞു. തുടർന്ന് പ്രഭുവിനെ അന്വേഷിച്ച് സഹോദരൻ ചന്തയിലേക്കു പോയി. എന്നാൽ അവിടെയും കാണാത്തതിനെ തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള അവിഹിത ബന്ധവും പ്രഭുവിനെ കൊല്ലാൻ പദ്ധതിയിട്ടതായും പൊലീസ് കണ്ടെത്തി.