പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊന്നു; പ്രതിയായ യുവാവ് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടു
തെലങ്കാനയിലെ ജഡ്ചേർലയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ യുവാവ് നടുറോഡിൽ കഴുത്തറത്ത് കൊലപ്പെടുത്തി. ആക്രമണത്തിന് പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. ജഡ്ചേർലയിലെ സ്വകാര്യ സ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈ. വൈഷ്ണവി (21) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ തേജ എന്ന യുവാവാണ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം നടന്നത്.
പ്രതിയായ യുവാവ് വൈഷ്ണവിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നതായും പോലീസ് പറയുന്നു. എന്നാൽ യുവതി ഇതെല്ലാം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വൈഷ്ണവിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞ് പോലീസെത്തി മാരകമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
പ്രതിയുടെ പേര് തേജ എന്നാണെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽ ഫോണോ സംഭവസ്ഥലത്തുനിന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇരുവരും നേരത്തെ ഒരേ സ്‌കൂളിൽ ജോലി ചെയ്തിരുന്നവരാണെന്നും ആ സമയത്തുള്ള പരിചയമാണ് ഇതിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
