'ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം'; ഡിഎംകെ സഖ്യം വിടില്ലെന്ന് മുസ്ലിം ലീഗ്

  1. Home
  2. National

'ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം'; ഡിഎംകെ സഖ്യം വിടില്ലെന്ന് മുസ്ലിം ലീഗ്

muslim league dmk


തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നതിനിടെ, എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. "ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്, നാളെയും മുസ്ലിം ലീഗ് സ്റ്റാലിനൊപ്പമായിരിക്കും" എന്ന് പാർട്ടി ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ പ്രഖ്യാപിച്ചു. ഡിഎംകെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഡിഎംകെയും മുസ്ലിം ലീഗും തമ്മിലുള്ളത് കേവലം തിരഞ്ഞെടുപ്പ് കാലത്തെ ബന്ധമല്ലെന്നും അത് നയപരമായ ഒന്നാണെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം സ്വീകരിക്കുന്ന ഏത് തീരുമാനത്തോടും ലീഗ് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ തമിഴ്‌നാട്ടിൽ രണ്ട് എംഎൽഎമാരാണ് മുസ്ലിം ലീഗിനുള്ളത്.

അതേസമയം, കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും വിജയ് നയിക്കുന്ന ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങളും പ്രധാന ബോർഡ് കോർപ്പറേഷൻ പദവികളും കോൺഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കോൺഗ്രസ് ടിവികെയെ പിന്തുണച്ചാൽ ഇന്ത്യാ സഖ്യം വിടുമെന്ന കർശന നിലപാടിലാണ് ഡിഎംകെ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ചെറുകക്ഷികളുടെ പിന്തുണ തേടിയുള്ള നീക്കങ്ങൾ സജീവമായിരിക്കുന്നത്.