മോഷ്ടിച്ച സ്വർണം വിൽക്കാൻ ഇനി പാടുപെടും; പുതിയ നീക്കവുമായി കേന്ദ്രം
ഇനി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഹാൾമാർക്കിനൊപ്പം ആഭരണത്തിൽ 'സോൾഡ്' എന്ന് രേഖപ്പെടുത്തുന്ന പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.ആഭരണത്തിന്റെ തിരിച്ചറിയൽ കോഡ് മറ്റൊന്നിനായി ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും ,മോഷ്ടിച്ച സ്വർണം വിൽക്കുന്നത് തടയാനുമാണ് ഈ നീക്കം.. ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പറിന് സമീപമായിരിക്കും 'സോൾഡ്' എന്ന് രേഖപ്പെടുത്തുക.
ആഭരണം വിൽക്കുന്ന സമയത്ത് ജുവല്ലറികൾ അവരുടെ സിസ്റ്റത്തിൽ ഹാൾമാർക്കിനുനേരെ 'സോൾഡ്' എന്ന് രേഖപ്പെടുത്തും.ഒരിക്കൽ വിറ്റതായി രേഖപ്പെടുത്തിയ എച്ച്.യു.ഐ.ഡി. നമ്പർ വീണ്ടും മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകും.പുനർവില്പനയ്ക്കായി എത്തുന്ന പഴയ സ്വർണത്തിന്റെ എച്ച്.യു.ഐ.ഡി. പരിശോധിക്കുന്നതിലൂടെ മോഷ്ടിച്ചതാണോ യഥാർഥ ഉടമയുടേതാണോ എന്ന് വ്യാപാരികൾക്ക് എളുപ്പത്തിൽ കണ്ടെത്താം.
ഈ സംവിധാനം നടപ്പിലാക്കുന്നതോടെ ബി.ഐ.എസ്. കെയർ ആപ്പ് വഴി, വാങ്ങുന്ന ആഭരണത്തിന്റെറെ വിശ്വാസ്യത ഉപഭോക്താക്കൾക്ക് പരിശോധിക്കാം.വിൽക്കുന്ന സമയത്ത് നൽകുന്ന ബില്ലിൽ എച്ച്.യു.ഐ.ഡി. നമ്പറും തൂക്കവും രേഖപ്പെടുത്തുന്നതിനാൽ ഓരോ ആഭരണവും കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും.
ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾ വഴിയാകും പദ്ധതി നടപ്പിലാക്കുക. രണ്ടാംഘട്ടത്തിൽ ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കും.
