കർണാടകയിൽ മുസ്ലിം യുവതിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ചു; ഭഗ്‌വാ ലവ് ട്രാപ്പാണെന്ന് ആരോപണം

  1. Home
  2. National

കർണാടകയിൽ മുസ്ലിം യുവതിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ചു; ഭഗ്‌വാ ലവ് ട്രാപ്പാണെന്ന് ആരോപണം

Karnataka attack


കര്‍ണാടകയിൽ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇതര സമുദായത്തിൽപ്പെട്ട യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചു. ഭഗ്‌വാ ലൗ ട്രാപ്പ് ആണെന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വായിദ് (20), സദ്ദാം (20) എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ബെംഗളൂരുവിനടുത്തുള്ള ചിക്കബല്ലാപുരയില്‍ വെച്ചായിരുന്നു സംഭവം. സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയ അതേ ദിവസമാണ് ജനങ്ങൾ നോക്കിനിൽക്കേ ഈ ആക്രമണവും ഉണ്ടായത്. 

ഒഎംബി റോഡിലെ ഒരു ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയും സുഹൃത്തും. വ്യത്യസ്ത സമുദായങ്ങളില്‍പെട്ടവരാണ് ഇവരെന്ന് മനസിലാക്കിയതോടെ അടുത്ത കടകളിലുണ്ടായിരുന്ന യുവാക്കള്‍ സംഘടിക്കുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

സാഹചര്യം ശരിയല്ലെന്ന് മനസിലാക്കിയ ഇവർ കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെയാണ് യുവാവിനെ ഒരു സംഘമാളുകൾ തടഞ്ഞുനിര്‍ത്തി  ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവർ തള്ളിയിടുകയും, ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതിനെ തുടർന്നാണ് അക്രമി സംഘം പിന്‍വാങ്ങിയത്.