'രാഹുലിനെ കാണാൻ പത്തുകിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു'; പരാതിയുമായി ജിഷാൻ സിദ്ധിഖി

  1. Home
  2. National

'രാഹുലിനെ കാണാൻ പത്തുകിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു'; പരാതിയുമായി ജിഷാൻ സിദ്ധിഖി

rahul


കോൺഗ്രസ് പാർട്ടിക്കെതിരെ ആരോപണവുമായി മുംബൈ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എയുമായ ജിഷാൻ സിദ്ധിഖി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങൾ തന്നോട് ആവശ്യപ്പെട്ടുവെന്ന് ജിഷാൻ പറഞ്ഞു. ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ള നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കോൺഗ്രസ് വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേർന്ന ബാബാ സിദ്ധിഖിയുടെ മകനാണ് ജിഷാൻ സിദ്ധിഖി.

'ഭാരത് ജോഡോ യാത്ര നന്ദേഡിൽ എത്തിയപ്പോൾ, രാഹുൽഗാന്ധിയെ കാണണമെങ്കിൽ പത്തുകിലോ ഭാരം കുറയ്ക്കണമെന്ന് രാഹുലിനോട് അടുത്ത വ്യക്തികൾ ആവശ്യപ്പെട്ടു. കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കളോടും പ്രവർത്തകരോടുമുള്ള പെരുമാറ്റം ദൗർഭാഗ്യകരമാണ്. കോൺഗ്രസിലെയും മുംബൈ യൂത്ത് കോൺഗ്രസിലെയും വർഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോൺഗ്രസിൽ മുസ്ലിം ആയിരിക്കുന്നത് ഒരു തെറ്റാണോ? എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കണം. ഞാൻ മുസ്ലിം ആയതുകൊണ്ട് മാത്രമാണോ അത്?', ജിഷാൻ സിദ്ധിഖി ചോദിച്ചു.

മല്ലികാർജുൻ ഖാർഗെക്ക് പാർട്ടി അധ്യക്ഷസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ജിഷാൻ കുറ്റപ്പെടുത്തി. ഖാർഗെ വളരെ മുതിർന്ന നേതാവാണ്. എന്നാൽ, അദ്ദേഹത്തിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. രാഹുൽഗാന്ധി അദ്ദേഹത്തിന്റെ ജോലിചെയ്യുന്നുണ്ടെങ്കിലും ചുറ്റുമുള്ളവർ പാർട്ടിയെ ഇല്ലാതാക്കാനായി കരാർ എടുത്തിരിക്കുകയാണെന്നും ജിഷാൻ ആരോപിച്ചു. നേരത്തെ കോൺഗ്രസ് വിട്ട ബാബ സിദ്ധിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ മുംബൈ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ജിഷാൻ സിദ്ധിഖിയെ ബുധനാഴ്ചയാണ് പുറത്താക്കിയത്.