'ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്; സമരം നീണ്ടാൽ ഞാനും കുത്തിയിരിക്കും'; പ്രകാശ് രാജ്

  1. Home
  2. National

'ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്; സമരം നീണ്ടാൽ ഞാനും കുത്തിയിരിക്കും'; പ്രകാശ് രാജ്

prakash raj


കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരം നടത്തുന്ന എസ്.എഫ്.ഐ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നടൻ പ്രകാശ് രാജ്. സർവകലാശാലയിലെ സമരം നീണ്ടുപോയാൽ താനും വിദ്യാർത്ഥികൾക്കൊപ്പം സമരപ്പന്തലിൽ കുത്തിയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടികളോട് ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും, മോദി സർക്കാരിനെപ്പോലെ തന്നെയാണ് ചില കാര്യങ്ങളിൽ കോൺഗ്രസ് സർക്കാരും പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളോട് മാപ്പുപറയിക്കുകയല്ല, മറിച്ച് വ്യക്തമായ മറുപടിയാണ് നൽകേണ്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും സർഗ്ഗവാസനയില്ലാത്തയാളാണ് നിലവിലെ കാലടി വി.സി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരപ്പന്തലിലെത്തി സസ്‌പെൻഷനിലുള്ള വിദ്യാർത്ഥികളോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിയറ്റർ ആർട്സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങൾ നന്നാക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് സർവകലാശാല നടപടിയെടുത്തതെന്ന് ആരോപണമുണ്ട്. മാപ്പെഴുതി നൽകിയാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന സിൻഡിക്കേറ്റ് തീരുമാനം തള്ളിയ വിദ്യാർത്ഥികൾ നിയമപോരാട്ടം തുടരുകയാണ്.