മധ്യപ്രദേശിൽ 3 ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക്; കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കില്ല
മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാർത്ഥിയും വിജയമുറപ്പിച്ചത്. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റുകൾ കൈമാറിയത്.
മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി മുഖേന അടിയന്തരമായി ഇടപെടണമെന്നും ഫലപ്രഖ്യാപനം തടയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹർജിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും മറുപടി നൽകാൻ സമയം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ, മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
മീനാക്ഷി നടരാജനെ രാജ്യസഭയിലെത്തിക്കാനുള്ള കൃത്യമായ എം.എൽ.എമാരുടെ ഭൂരിപക്ഷം കോൺഗ്രസിന് ഉണ്ടായിരുന്നു. എന്നാൽ, ജൂൺ 9-ന് നടന്ന സൂക്ഷ്മപരിശോധനയ്ക്കിടെ തെലങ്കാനയിലെ ഒരു കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് കാണിച്ച് ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവാട്ട് നൽകിയ പരാതിയിലാണ് റിട്ടേണിങ് ഓഫീസർ കോൺഗ്രസിന്റെ പത്രിക നിരസിച്ചത്.
