തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20. എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ട്വന്റി 20-യുടെ തൃക്കാക്കരയിലെ സ്ഥാനാർഥിയായി സംവിധായകൻ അഖിൽ മാരാറെ പ്രഖ്യാപിച്ചു. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് ജനവിധി തേടുന്നത്. നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവെച്ചെത്തിയ ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ട്വന്റി 20 വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസ് കിരീട ജേതാവും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ തൃക്കാക്കരയിൽ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. നിലവിൽ എൻ.ഡി.എ. പാളയത്തിലുള്ള ട്വന്റി 20 കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബാക്കി മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പൂർണ്ണമായ പട്ടിക പുറത്തിറക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.
