തമിഴ്‌നാട്ടിൽ ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അണ്ണാഡിഎംകെ; ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും

  1. Home
  2. Politics

തമിഴ്‌നാട്ടിൽ ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അണ്ണാഡിഎംകെ; ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും

Anna dmk and bjp


തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ. തിരഞ്ഞെടുപ്പു വരുമ്പോൾ സഖ്യം ആവശ്യമാണോ എന്ന് പരിശോധിക്കും. എന്നാൽ ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും. തമിഴ്‌നാട്ടിൽ ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളെല്ലെന്നും പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് പുതിയ തീരുമാനം. ‌‌
എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ റോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത്. അണ്ണാ ഡിഎംകെയുടെ സഖ്യം വേണ്ടെന്ന് നേരത്തെയും അണ്ണാമലൈ പറഞ്ഞിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കി. എന്നാൽ, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് വീണ്ടും പോര് തുടങ്ങി.
അണ്ണാഡിഎംകെ നേതാക്കാളായ ഡി.ജയകുമാർ, സെല്ലൂർ രാജു, സി.വി.ഷൺമുഖം തുടങ്ങിയവർ അണ്ണാമലൈക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. അണ്ണാദുരൈയെക്കുറിച്ചു മോശമായി പറയുന്ന നാവുകൾ പിഴുതെടുക്കണമെന്ന് സെല്ലൂ‍ർ രാജു പറഞ്ഞു. അണ്ണാദുരൈയെക്കുറിച്ചു പറയാനുള്ള അർഹത പോലും അണ്ണാമലൈക്കില്ലെന്നും, പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തണമെന്നും ഡി.ജയകുമാർ പറഞ്ഞു. 
പാർട്ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നുമാണ് സി.വി.ഷൺമുഖം പറഞ്ഞത്. അണ്ണാമലൈ നടത്തുന്നത് കാൽ നടയാത്രയല്ല, പിരിവ് യാത്രയാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ, മന്ത്രിമാരാകുന്നത് പിരിവിനു വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അണ്ണാമലൈ മറുപടി നൽകി. ബിജെപിയുടെ വളർച്ചയിൽ പലർക്കും അസൂയയുണ്ട്. താൻ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാർട്ടിയും പ്രത്യയശാസ്ത്രവുമാണെന്നും, സഖ്യത്തിലായതിനാൽ അടിമയാകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.