മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ എല്ലാ സംഘടനാ പദവികളും രാജിവെച്ച് എം.പി കക്കോലി ഘോഷ് ദസ്തിദാർ

  1. Home
  2. Politics

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ എല്ലാ സംഘടനാ പദവികളും രാജിവെച്ച് എം.പി കക്കോലി ഘോഷ് ദസ്തിദാർ

kakkoli


പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിനും ആഭ്യന്തര തർക്കങ്ങൾക്കും പിന്നാലെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന് (TMC) വീണ്ടും വൻ തിരിച്ചടി. മമത ബാനർജിയുടെ ഏറ്റവും അടുത്ത അനുയായിയും മുതിർന്ന നേതാവുമായ ബാരാസത് ലോക്സഭാ മണ്ഡലത്തിലെ എം.പി ഡോ. കക്കോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും രാജിവെച്ചു. ഓൾ ഇന്ത്യ തൃണമൂൽ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള ചുമതലകളാണ് അവർ ഒഴിഞ്ഞത്. തൃണമൂൽ സംസ്ഥാന അധ്യക്ഷൻ സുബ്രതാ ബക്ഷിക്കാണ് അവർ രാജി അയച്ചത്.

അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ ഭരണനിർവഹണ അവലോകന യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് കക്കോലിയുടെ രാജി എന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബാരാസത് ഓർഗനൈസേഷണൽ ഡിസ്ട്രിക്റ്റ് പ്രസിഡന്റ് സ്ഥാനം അവർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ സംഘടനാ പദവികളും ഒഴിഞ്ഞുകൊണ്ടുള്ള കടുത്ത തീരുമാനം.

പാർട്ടി നേതൃത്വത്തിനെതിരെയും ഐ-പാക്കിനെതിരെയും കടുത്ത വിമർശനം

ലോക്സഭയിലെ തൃണമൂൽ ചീഫ് വിപ്പ് പദവിയിൽ നിന്ന് തന്നെ മാറ്റിയതിലുള്ള അതൃപ്തി കക്കോലി പരസ്യമാക്കിയിരുന്നു. ജനാധിപത്യപരമായ രീതിക്ക് പകരം ഏകപക്ഷീയമായാണ് പാർട്ടി തന്നെ മാറ്റിയതെന്ന് അവർ കുറ്റപ്പെടുത്തി. കൂടാതെ, പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന ഐ-പാക് (I-PAC) ഏജൻസിക്കെതിരെയും അവർ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഐ-പാക് പ്രതിനിധികൾ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ഈ രീതി തുടർന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ വില നൽകേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

താഴെത്തട്ടിലുള്ള പ്രാദേശിക നേതാക്കൾക്കിടയിൽ അഴിമതിയും ക്രിമിനൽവൽക്കരണവും വ്യാപകമായിട്ടുണ്ടെന്നും ഇതാണ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്ന ദയനീയ പരാജയത്തിന് കാരണമായതെന്നും കക്കോലി ഘോഷ് തുറന്നടിച്ചു. കല്ല്യാൺ ബാനർജിയെ ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ കക്കോലിയും കല്ല്യാണും തമ്മിലുള്ള പോര് പരസ്യമായത്. കക്കോലി ഘോഷ് ദസ്തിദാർ വൈകാതെ തന്നെ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന സൂചനകൾ ബംഗാൾ രാഷ്ട്രീയത്തിൽ ശക്തമാണ്.