കേരള ബിജെപിയുമായി ഗ്യാപ് ഇല്ല; ലീഗും തിരുത്തും, മോദിവഴിയിൽ വരും; എ.പി.അബ്ദുല്ലക്കുട്ടി

  1. Home
  2. Politics

കേരള ബിജെപിയുമായി ഗ്യാപ് ഇല്ല; ലീഗും തിരുത്തും, മോദിവഴിയിൽ വരും; എ.പി.അബ്ദുല്ലക്കുട്ടി

abdullah


കേരള ബിജെപിയും താനുമായി ഗ്യാപ് ഇല്ലെന്ന് പറയുകയാണ് ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടി. ബിജെപിയുടെ കേരളത്തിലെ പ്രധാനപ്പെട്ട സമിതി കോർകമ്മിറ്റി ആണല്ലോ. ഒന്നൊഴിയാതെ അതിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. സംസ്ഥാന നേതൃത്വം ജില്ലകളിലെ പല പ്രധാന പരിപാടികൾക്കും വിളിക്കാറുണ്ട്. സംസ്ഥാന നേതൃത്വവുമായി സ്വരച്ചേർച്ച ഇല്ലെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് 'ക്രോസ് ഫയറിൽ' സംസാരിക്കുകയായിരുന്നു എ.പി.അബ്ദുല്ലക്കുട്ടി.

യോഗി ആദിത്യനാഥിന്റെ നാടായ യുപിയെക്കുറിച്ച് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കു വലിയ തെറ്റിദ്ധാരണയാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. 'ഞങ്ങൾക്ക് യുപിയിൽ മുസ്ലിം എംഎൽഎമാർ ആരും ഇല്ല. എന്നിട്ടും തിരഞ്ഞെടുപ്പിനു ശേഷം, ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഉയർന്ന പഠനം നടത്തിയ ധാനിഷ് ആസാദ് അൻസാരി എന്ന യുവ നേതാവിനെ യോഗി മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ മന്ത്രി ആക്കി. അതു കൃത്യമായ സന്ദേശം നൽകലായിരുന്നു. ബിജെപിയെ വിമർശിക്കുന്നവർക്ക് അതു ചുട്ട മറുപടിയാണ്.'

ഇതൊക്കെയാണെങ്കിലും മുസ്ലിം വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാൻ ബിജെപിക്ക് കേരളത്തിൽ കഴിയുന്നില്ല എന്നതു യാഥാർഥ്യമല്ലേ എന്ന ചോദ്യത്തിന്, 'സമുദായവും ബിജെപിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്ന് ബിജെപിയിലെ ചുമതല ഏറ്റെടുത്ത ശേഷം ഞാൻ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപിലെ ചുമതല ഏറ്റെടുത്ത ശേഷം അവിടുത്തെ മുസ്ലിം ജനതയ്ക്കിടയിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. പൗരത്വ നിയമ പ്രക്ഷോഭകാലത്താണല്ലോ 'മോദി വിരുദ്ധ അപസ്മാരം' കേരളത്തിൽ കെട്ടഴിച്ചുവിട്ടത്. ഇവിടെ ജനിച്ച, ഈ മണ്ണുമായി പുക്കിൾ കൊടി ബന്ധമുള്ള ഒരു മുസ്ലിമിനും ഈ രാജ്യത്തുനിന്ന് പോകേണ്ടി വരില്ലെന്ന് ഏറ്റവും കൂടുതൽ റാലികളിൽ പ്രസംഗിച്ചത് ഞാനായിരിക്കും. തെറ്റിദ്ധാരണകൾ കുറഞ്ഞു കുറഞ്ഞു വരുന്ന വളരെ പോസിറ്റീവ് ആയ അന്തരീക്ഷം ഇന്ന് ഉണ്ട്. 

അങ്ങേയറ്റം ദരിദ്രരായ മുസ്ലിംകൾ കേരളത്തിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയും നൽകുന്ന പ്രയോജനത്തെക്കുറിച്ച് അറിയുമ്പോൾ അവർ കൃതാർഥരാകുകയാണ്. പണ്ട് ബിജെപി പ്രവർത്തകർ അവരുടെ വീടുകളിൽ വരുമ്പോൾ വാതിൽ തുറക്കാൻ തയാറാകുമായിരുന്നില്ല. ഇന്ന് പുറത്തു വന്ന് കസേരയിട്ട് അവരെ ഉമ്മമാർ ഇരുത്തുന്നു, സ്‌നേഹത്തോടെ വർത്തമാനം പറയുന്നു, ചായ കൊടുക്കുന്നു. ഈ മാറ്റം മുസ്ലിം ലീഗും വൈകാതെ ഉൾക്കൊള്ളേണ്ടിവരും. അവർക്കെല്ലാംതന്നെ ബിജെപിയോട് ഉള്ള നിലപാട് തിരുത്തേണ്ടി വരും. കാരണം മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും സത്യവിശ്വാസികളാണ്. ആ സത്യവിശ്വാസികൾക്ക് നിൽക്കാൻ പറ്റിയ പാർട്ടിയാണ് സത്യവിശ്വാസിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉളള ബിജെപി. അഴിമതിയോ സ്വജനപക്ഷപാതമോ തട്ടിപ്പോ വെട്ടിപ്പോ ഈ ഭരണത്തിൽ നടക്കുന്നില്ല. മോദിക്ക് ഒരു മതമേ ഉള്ളൂ. അതു വികസനമാണ്.
'  എ.പി.അബ്ദുല്ലക്കുട്ടി പറയുന്നു.

മാധ്യമങ്ങൾ ആകെത്തന്നെ കേരളത്തിൽ ബിജെപിക്ക് എതിരാണെന്നും അദ്ദേഹം വ്യകതമാക്കുന്നു. സോഷ്യൽ മീഡിയയിൽ ബിജെപിക്കെതിരെ നടക്കുന്നത് കൊണ്ടുപിടിച്ച നുണപ്രചാരണങ്ങളാണ്. ഈ പ്രചണ്ഡമായ പ്രചാരണത്തെ പ്രതിരോധിക്കാൻ ഞങ്ങളുടെ മെഷീനറിക്കു സാധിക്കുന്നില്ല.

' പ്രധാനമന്ത്രിയെ ആദ്യമായി കണ്ടകാര്യവും പങ്കുവയ്ക്കുന്നുണ്ട്, ഞാൻ കോൺഗ്രസ് എംഎൽഎ ആയിരിക്കെ ഡൽഹിയിൽ ഒരു കല്യാണച്ചടങ്ങിലാണ് മോദിജിയെ ആദ്യമായി നേരിട്ടു കണ്ടത്. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ കാണാൻ പലരും തിക്കിത്തിരക്കുന്നതിനിടെ എനിക്കും അവസരം കിട്ടി. എന്റെ പേര് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം 'കുട്ടി ഭായി' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു. കൂടെ ഉണ്ടായിരുന്ന അരുൺ ജെയ്റ്റ്‌ലിയെ പരിചയപ്പെടുത്തി. 'കുട്ടി ഭായി ഫ്രം കേരള' എന്നാണ് വിശേഷിപ്പിച്ചത്. എന്നെങ്കിലും ഒരു പ്രതിസന്ധി നേരിട്ടാൽ വന്നു കാണാൻ മടിക്കേണ്ട എന്ന ഒരു വാക്ക് അദ്ദേഹം അവിടെ എനിക്കു നൽകി. വ്യക്തിപരമായ ഒരു ആവശ്യത്തിനും ഞാൻ അദ്ദേഹത്തെ ആ സമയത്തൊന്നും കാണാൻ പോയിരുന്നില്ല. രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനം അദ്ദേഹം തള്ളി. വളരെ ചെറിയ പ്രായം മുതൽ ലഭിച്ച അനുഭവങ്ങൾ കൂടെ ഉള്ള കാര്യം ഓർമിപ്പിച്ചു. കേരളത്തിലെ ബിജെപിക്ക് ഉള്ള പരിമിതികൾ ഞാൻ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഇന്ത്യ മുഴുവൻ പ്രവർത്തിക്കാനും സാധ്യത ഉണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞത്. വേറൊന്നും ആലോചിച്ചില്ല. കൂടെ നിൽക്കാനുള്ള സന്നദ്ധത ഞാൻ പ്രകടിപ്പിച്ചു. എനിക്കു രാഷ്ട്രീയ പുനർജന്മം നൽകിയത് നരേന്ദ്രമോദിയാണ്.' അബ്ദുല്ലക്കുട്ടി പറയുന്നു.

സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ചും പ്രതികരിക്കുന്നുണ്ട്.

'ആ കേസിന്റെ പേരിൽ ഏറ്റവും കൂടുതൽ ദ്രോഹിക്കപ്പെട്ടയാളാണ് ഞാൻ. ആ സ്ത്രീയെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. അന്ന് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ കുടുംബമായിട്ടാണ് ഞാൻ താമസിക്കുന്നത്. ഭാര്യ അവിടെ ഒരു ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറായി പ്രവർത്തിക്കുകയാണ്. മോൾ സ്‌കൂളിലും. ടിവിയിലെ വാർത്ത കണ്ടിട്ട് കുട്ടികൾ സ്‌കൂളിൽ കളിയാക്കുന്ന കാര്യം മോൾ വന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. നാടു വിട്ടു പോകാമെന്ന് അവളാണ് പറയുന്നത്. അങ്ങനെ മംഗലാപുരത്തേക്ക് ഞങ്ങൾ പലായനം ചെയ്യുകയായിരുന്നു. ആ കേസിന്റെ പേരിൽ കേരളത്തിൽനിന്നു പലായനം ചെയ്യേണ്ടി വന്ന കുടുംബമാണ് ഞങ്ങളുടേത്. ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുന്ന അവസ്ഥ വരെ നേരിട്ടു. എന്നിട്ടും തെറ്റു ചെയ്യാത്തതുകൊണ്ട് പിടിച്ചു നിന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഇങ്ങനെ വേട്ടയാടുന്നത് ക്രൂരമാണ്. ഒരാളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുമ്പോൾ അയാൾ ഭർത്താവും അച്ഛനും മകനും എല്ലാമാണല്ലോ എന്നു കൂടി ഓർമിക്കണം. ഈ ശൈലി അവസാനിപ്പിക്കണമെന്നാണ് ഈ കേസിന്റെ പരിണതി കൂടി കണക്കാക്കുമ്പോൾ എല്ലാവരോടും അഭ്യർഥിക്കാനുള്ളത്.'