പിണറായിക്ക് ശേഷം പുതിയാപ്ലയെ വാഴിക്കാൻ ശ്രമം; പിണറായി തന്നെ പാർട്ടിയായി മാറിയെന്ന് ബിജെപി നേതാവ് എ. പി. അബ്‌ദുല്ലക്കുട്ടി

പുതിയാപ്ലയ്ക്കായി കമ്യൂണിസ്റ്റ് പാർട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്‌ലിം ആക്കി മാറ്റിയെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി. പിണറായിക്കു ശേഷം പുതിയാപ്ലയെ വാഴിക്കാനാണ് പൂതിയെങ്കിൽ അതു നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.
റിയാസിനെ ഭാവി മുഖ്യമന്ത്രിയാക്കാനായി പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദികളും ജിഹാദികളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയാണ്. ഏറ്റവും ഒടുവിലായി ബാലരാമപുരത്തെ മദ്രസയിൽ ഒരു കൊച്ചു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടു. ആ മദ്രസയുടെ ഹോസ്റ്റലിന് യാതൊരു അനുമതിയുമില്ല. പിണറായിക്ക് ആ മദ്രസയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോസ്റ്റൽ അടച്ചൂപൂട്ടാൻ ധൈര്യമുണ്ടോയെന്നും അബ്‌ദുല്ലക്കുട്ടി ചോദിച്ചു.
റിയാസിനെ ഉപയോഗിച്ച് മരാമത്ത് വകുപ്പിലും വിനോദസഞ്ചാര വകുപ്പിലും നടത്തുന്ന എല്ലാ അഴിമതിക്കും പിണറായിയും കൂട്ടുനിൽക്കുകയാണ്. പണ്ട് ഭരണത്തിൽ അഴിമതി നടന്നാൽ കമ്മിഷൻ പാർട്ടിക്കായിരുന്നു കിട്ടിയിരുന്നതെങ്കിൽ ഇന്ന് പിണറായി പാർട്ടിയായി മാറി. അതോടെ എല്ലാ അഴിമതിയും കമ്മിഷനും കുടുംബത്തിലേക്കാണ് പോകുന്നത്. ഇപ്പോൾ കുടുംബത്തിലേക്ക് കൊണ്ടുവന്ന പുതിയ പുതിയാപ്ലയെ ഉപയോഗിച്ചും അഴിമതി നടത്തുകയാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.
കേരളത്തിൽ കഴിഞ്ഞ 7 വർഷമായുള്ള പിണറായിയുടെ ഭരണം ജനജീവിതം ദുസ്സഹമാക്കുകയാണ്. കള്ളവും ചതിവും പൊളിവചനവും മാത്രമാണുള്ളത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരുക്കുന്നത്. സ്പ്രിംഗ്ളർ, ലൈഫ് മിഷൻ, ഡോളർ കള്ളക്കടത്ത്, സ്വർണ കള്ളക്കടത്ത് തുടങ്ങി റിവേഴ്സ് ഹവാല വരെ എത്തിനിൽക്കുന്നു. ഏറ്റവും അവസാനം എഐ ക്യാമറ ഇടപാടിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
നമ്മൾ ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണ്. ഏത് ഉപകണത്തിന്റെയും വില വിരൽത്തുമ്പിൽ അറിയാൻ കഴിയും. 10,000 രൂപ വിലയുള്ള ക്യാമറയ്ക്ക് 3 ലക്ഷം രൂപ വരെ വില കാണിച്ച് 100 കോടി രൂപയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. ഇതുപോലെ ഒരു കൊള്ള ഇതിനു മുൻപ് നടന്നിട്ടില്ല. എല്ലാ അഴിമതിയുടെ നദികളെല്ലാം ഒഴുകിയെത്തി ക്ലിഫ് ഹൗസിൽ അഴിമതിയുടെ മഹാസമുദ്രം സൃഷ്ടിച്ചിരിക്കുന്നു. മകളും മകനും കുടുംബവുമെല്ലാം അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.