ബിജെപിയെ ഇൻഡ്യ മുന്നണി ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് തള്ളും: ഉദയനിധി സ്റ്റാലിൻ

  1. Home
  2. Politics

ബിജെപിയെ ഇൻഡ്യ മുന്നണി ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് തള്ളും: ഉദയനിധി സ്റ്റാലിൻ

Udhayanidhi Stalin


ജെഎൻയുവിലേത് പോലെ ഇൻഡ്യ മുന്നണി ബിജെപിയെ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയുമെന്ന് ജൂൺ നാലിന് തെളിയിക്കുമെന്ന് തമിഴ്‌നാട് യുവജന-കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ഇടത് വിദ്യാർത്ഥി സഖ്യത്തിന് ഉദയനിധി സ്റ്റാലിൻ അഭിനന്ദനങ്ങളറിയിച്ചു. എബിവിപിക്കെതിരായ വിജയം പുരോഗമന വിദ്യാർത്ഥി സമൂഹത്തിൻ്റെ ആത്മവിശ്വാസം പ്രകടമാക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവര്‍ ചേര്‍ന്ന മുന്നണിയാണ് വ്യക്തമായ ആധിപത്യത്തോടെ ജെഎന്‍യുവില്‍ വിജയിച്ചത്. ഐസ നേതാവ് ധനഞ്ജയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്. 922 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ധനഞ്ജയ് 2598 വോട്ട് നേടിയപ്പോള്‍ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീര 1676 വോട്ടുകള്‍ നേടി രണ്ടാമതെത്തി. എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജുനൈദ് റാസ 283 വോട്ട് നേടി. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ് ബിഹാറിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥിയാണ്. നാല് വർഷത്തിന് ശേഷമാണ് ജെഎൻയുവിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.