സി.സി. മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; കോൺഗ്രസ് പിന്തുണയില്ല

  1. Home
  2. Politics

സി.സി. മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; കോൺഗ്രസ് പിന്തുണയില്ല

nattika


നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ നാട്ടിക മണ്ഡലത്തിൽ നിർണായക രാഷ്ട്രീയ നീക്കം. സിപിഐ വിട്ട സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേരുന്നു. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ ശ്രമം നടത്തിയിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നു. ഇതോടെയാണ് ബിജെപി പാളയത്തിലേക്ക് മാറാൻ മുകുന്ദൻ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം അംഗത്വം സ്വീകരിക്കും.

നാട്ടികയിൽ സുനിൽ ലാലൂരിനെ സ്വന്തം സ്ഥാനാർത്ഥിയായി നിർത്താനാണ് കോൺഗ്രസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി മുകുന്ദൻ ചർച്ച നടത്തിയിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഡിഎഫ് പിന്തുണ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സി.സി. മുകുന്ദനെ തഴഞ്ഞ് ഗീതാ ഗോപിയെ സിപിഐ സ്ഥാനാർത്ഥിയാക്കിയതിനെത്തുടർന്നാണ് മണ്ഡലത്തിൽ തർക്കം ഉടലെടുത്തത്. ഗീതാ ഗോപിയുടേത് 'പേയ്‌മെന്റ് സീറ്റ്' ആണെന്ന ആരോപണം ഉന്നയിച്ചതിനാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്.

സിപിഐ മുൻ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ. അജിത്തിന്റെ മധ്യസ്ഥതയിലാണ് മുകുന്ദൻ ബിജെപിയിലേക്ക് എത്തുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ നാട്ടികയിൽ, നിലവിലെ എംഎൽഎ എന്ന നിലയിലുള്ള മുകുന്ദന്റെ വ്യക്തിപരമായ സ്വാധീനം വോട്ടായി മാറുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ആം ആദ്മി പാർട്ടിയും മുകുന്ദനുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ ബിജെപിയിലേക്ക് ചേക്കേറാനായിരുന്നു തീരുമാനം. ഇതോടെ നാട്ടികയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്.