ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ ഭിന്നത: അനുയായികളുടെ സുപ്രധാന യോഗം വിളിച്ച് ചരൺജിത്ത് സിങ് ചന്നി
പഞ്ചാബ് കോൺഗ്രസിൽ നേതൃമാറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന നേതാവ് ചരൺജിത്ത് സിങ് ചന്നി അനുയായികളുടെ അടിയന്തര യോഗം വിളിച്ചുചേർത്തത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കി. പുതിയ ഭാരവാഹികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ചന്നി മൊറിൻഡയിൽ തനിക്ക് അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കമ്മിറ്റി ചുമതല ചന്നിയെ ഏൽപ്പിക്കാനും പിസിസി അധ്യക്ഷനായി അമരിന്ദർ സിങ് രാജ വാറിങ് തന്നെ തുടരാനും ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ചന്നി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയായിരുന്നു ഹൈക്കമാൻഡിന്റെ ഈ പ്രഖ്യാപനം. കൂടാതെ ഛണ്ഡീഗഢ് എംപിയും മുതിർന്ന നേതാവുമായ മനീഷ് തിവാരിയെ പുതിയ കമ്മിറ്റികളിൽ ഉൾപ്പെടുത്താത്തതും വലിയ ചർച്ചകൾക്ക് വഴിവെച്ചു.
അമരീന്ദർ സിങ് രാജാ വാറിങ്ങിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായാണ് ചരൺജിത് സിങ് ചന്നിയുടെ അനുയായികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് പഞ്ചാബിൽ വിജയം അസാധ്യമാണെന്നും പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള ചന്നിയെയാണ് അടുത്ത മുഖ്യമന്ത്രിയായി ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെന്നും യോഗത്തിൽ പങ്കെടുത്ത നേതാവ് തർസെം സിങ് ഡിസി വ്യക്തമാക്കി. മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി, മുൻ മന്ത്രിമാരായ ത്രിപ്ത് രജീന്ദർ സിങ് ബജ്വ, സുഖ്ബിന്ദർ സിങ് സർകാരിയ, ഭരത് ഭൂഷൺ അഷു, മുൻ എംപി മുഹമ്മദ് സാദിക് ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളും എംഎൽഎമാരും മുൻ എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യോഗത്തിലെ ഔദ്യോഗിക തീരുമാനങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് സൂചന.
