സിപിഎമ്മിന്റെ സംഘടനാ ശക്തി കോൺഗ്രസും കൈവരിക്കണം; മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഭൂതകാലത്തിന്റെ തടവറയിലാണെന്നും എം ലിജു

  1. Home
  2. Politics

സിപിഎമ്മിന്റെ സംഘടനാ ശക്തി കോൺഗ്രസും കൈവരിക്കണം; മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഭൂതകാലത്തിന്റെ തടവറയിലാണെന്നും എം ലിജു

M liju


പാർട്ടി എന്ന നിലയിൽ സിപിഎമ്മിനേക്കാൾ ധാർമിക ശക്തി ഇപ്പോൾ കോൺഗ്രസിനുണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗമായ എം. ലിജു. എന്നാൽ വർഷങ്ങൾ നീണ്ട കേഡർ പ്രവർത്തനത്തിലൂടെ വലിയ സംഘടനാ ശക്തി സിപിഎം കൈവരിച്ചിട്ടുണ്ട്. കോൺഗ്രസ്‌ ആ കാര്യത്തിൽ ഇപ്പോഴും പിന്നിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എപ്പോഴും കോൺഗ്രസിന് മേൽക്കൈ കിട്ടാറുണ്ട്. എന്നാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോൾ സിപിഎമ്മിന്റെ സംഘടനാ ശക്തി അവർക്കു മേൽക്കൈ നേടിക്കൊടുക്കുന്നു. ഇതിലാണ് മാറ്റം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിലെ ക്രോസ്സ് ഫയറിൽ സുജിത് നായരുമായി നടത്തിയ അഭിമുഖത്തിലാണ് ലിജു ഈക്കാര്യം പറഞ്ഞത്.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ പലരും ഭൂതകാലത്തിന്റെ തടവറയിലാണെന്നും, പരസ്യ പ്രസ്താവനകൾ മൂല്യം ഇടിക്കുന്നുവെന്നും ലിജു പറഞ്ഞു. "കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിലിരുന്ന പ്രതാപനാളുകളിലെ അതേ സ്ഥിതിയിലാണ് അവരിൽ പലരും ചിന്തിക്കുന്നത്. ആ സമയത്തു പരസ്യ പ്രസ്താവനകൾ ആ നേതാക്കളുടെ ശക്തി വിളിച്ചോതിയിരുന്നു. ഇന്ന് കാലം അതല്ല. കോൺഗ്രസിന് പഴയ പ്രതാപമില്ല, പണ്ട് പറയുന്ന എല്ലാ കാര്യങ്ങളും അതേപടി  ജനങ്ങൾക്ക് ഇടയിൽ എത്തില്ലായിരുന്നു. ഇന്ന് ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അതു പൂർണമായും പ്രചരിക്കപ്പെടുന്നു. പാർട്ടി വേദികളിൽ പറയേണ്ടതു പരസ്യമായി പറയുന്ന ശൈലി ഇന്നു ജനങ്ങളും പാർട്ടി പ്രവർത്തകരും ഇഷ്ടപ്പെടുന്നില്ല. പരസ്യ വിവാദങ്ങളിൽ ഏർപ്പെടുന്നത് പലരുടെയും മൂല്യം ഇടിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. അത് അവർ തിരിച്ചറിയണം"- അദ്ദേഹം വ്യക്തമാക്കി.

ചില മുതിർന്ന നേതാക്കൾ പുതിയ തലമുറയിൽ നിന്നു പാർട്ടി അച്ചടക്കം പഠിക്കേണ്ടതാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് പരസ്യ പ്രസ്താവന നടത്തി മാർക്കറ്റ് ഉയർത്താൻ യുവനേതാക്കൾ നോക്കുന്നില്ലെന്നും, അത് അനുകരണീയമായ മാതൃകയാണെന്നും ലിജു മറുപടി പറഞ്ഞു. "പാർട്ടിക്ക് അകത്തെ തർക്കങ്ങളിൽ ഇടപെട്ടു കൊണ്ടല്ല യുവനിര അവരുടെ പ്രാധാന്യം തെളിയിക്കുന്നത്. മാത്യു കുഴൽ നാടൻ രാഷ്ട്രീയമായി വെല്ലുവിളിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. സമചിത്തതയോടെയുള്ള പ്രതികരണങ്ങളാണ് പി.സി.വിഷ്ണുനാഥിന്റെ ഏറ്റവും വലിയ ശക്തി. നവമാധ്യമങ്ങളെ മികവോടെ ഉപയോഗിക്കുന്നയാളാണ് ബൽറാം. ജനകീയ പ്രവർത്തന ശൈലിയാണ് സി.ആർ. മഹേഷ് മുന്നോട്ടു വയ്ക്കുന്നത്.  പറയേണ്ടതു പാർട്ടി വേദിയിലാണ് അവർ പറയുന്നത്. കോൺഗ്രസിനു പ്രയോജനം ചെയ്യുന്നതും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വിഷയങ്ങൾ പൊതുവേദിയിലും ഉയർത്തിക്കൊണ്ടുവരുന്നു"- ലിജു പറഞ്ഞു.

കെപിസിസി പ്രസിഡന്റിനെയും കെപിസിസിയെയും നിയന്ത്രിക്കുന്നത് ലിജു അടക്കമുള്ള നാൽവർ സംഘമാണെന്ന് വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. "ഇത്തരം വിമർശനങ്ങളെ പോസിറ്റീവ് ആയാണ് ഞാൻ കാണുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ആൾ എന്ന നിലയിൽ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും പോകുകയും പ്രവർത്തകരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ വിഭാഗം പ്രവർത്തകരെ എനിക്കു നേരിട്ടറിയാം. മുതിർന്ന നേതാക്കളുമായും പുതു തലമുറയിൽ പെട്ടവരുമായും നല്ല ബന്ധം ഉണ്ട്. പാർട്ടി പുനഃസംഘടനാ പ്രക്രിയയിൽ ഇതെല്ലാം പ്രയോജനം ചെയ്യും. കെപിസിസി നേതൃത്വം എന്റെ ആ കഴിവാണ് പ്രയോജനപ്പെടുത്തുന്നത്. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ ഞാൻ ഒരു തരത്തിലും ഇടപെടാറില്ല."- ലിജു വിശദമാക്കി.

ചില മേഖലകളിൽ സ്വയം മെച്ചപ്പെടാനുണ്ടെന്നും യുവനേതാവ് തുറന്നു സമ്മതിച്ചു. "രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യകാലത്ത് വ്യക്തിപരമായ ആക്രമണങ്ങൾക്ക് ഒരു മയവും ഞാൻ കാണിച്ചിരുന്നില്ല. ഗാലറിയുടെ കയ്യടിക്കു വേണ്ടി ചിലപ്പോൾ ആളുകളെ അധിക്ഷേപിച്ചെന്നു വരെ വന്നിരുന്നു. ചാനൽ ചർച്ചകളിലെല്ലാം പറയാനുള്ളത് തീ‍ർത്തു പറയും. സമുദായ നേതൃത്വങ്ങളുടെ കാര്യത്തിലും അതേ സമീപനമായിരുന്നു. രാഷ്ട്രീയത്തിലും സമൂഹത്തിലും വിഷയങ്ങൾ വ്യക്തിപരമല്ല എന്നു ‍ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. അതോടെ പഴയ ശൈലി തിരുത്തി. വ്യക്തികളെ വേദനിപ്പിച്ച് അവരുടെ കുറവുകൾ ചൂണ്ടിക്കാട്ടുന്നതിനു പകരം വിഷയങ്ങളിലേക്കു വന്നു. ഇനിയും പലതും തിരുത്താനുണ്ടാകും."

അമ്പലപ്പുഴയിൽ പാർട്ടിയിലെ ഒരു വിഭാഗവും  തനിക്കെതിരെ പ്രവർത്തിച്ചത് വിഷമമായെന്നും ലിജു പറഞ്ഞു. "അന്നു നടന്ന വ്യക്തിഹത്യ വലിയ വിഷമം ഉണ്ടാക്കിയ കാര്യമാണ്. വർഗീയ വാദിയായി ചിത്രീകരിച്ച് ബോർഡുകൾ വച്ചു, തീവ്രവാദിയാണ് എന്ന നിലയിൽ പ്രചാരണം നടത്തി. പാർട്ടിയിലെ ചിലരും അതിന്റെ ഭാഗമായി. ചിലർക്കെതിരെ അതിന്റെ പേരിൽ നടപടി ഉണ്ടായി. ഈ പ്രചാരണം ഉണ്ടാക്കിയ ധ്രുവീകരണവും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. വേണ്ടവിധം ഇതിനെ പ്രതിരോധിക്കാൻ എനിക്കും കഴിഞ്ഞില്ല. അത് എന്റെ വീഴ്ച കൂടിയാണ്. ഓരോ പാഠവും ഞാൻ ഉൾക്കൊള്ളാറുണ്ട്.  തിരുത്താൻ ശ്രമിക്കാറുണ്ട്" - അദ്ദേഹം വ്യക്തമാക്കി.