'വിവാദ കത്തിൽ മുഖം നോക്കാതെ നടപടി വരും, അശ്രദ്ധയോ മനപ്പൂർവമോ ആകാം'; ആനാവൂർ നാഗപ്പൻ

  1. Home
  2. Politics

'വിവാദ കത്തിൽ മുഖം നോക്കാതെ നടപടി വരും, അശ്രദ്ധയോ മനപ്പൂർവമോ ആകാം'; ആനാവൂർ നാഗപ്പൻ

anavoor


തിരുവനന്തപുരം കോർപറേഷനിലെ 295 നിയമനങ്ങൾ സംബന്ധിച്ചു വിവാദമായ കത്തിലെ തസ്തികകളിൽ നിയമനം നടന്നിട്ടില്ലെന്ന് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ജോലി ഒഴിവ് സംബന്ധിച്ച അറിയിപ്പ് പത്രങ്ങളിലും വന്നതാണ്. താൻ അങ്ങനെ എഴുതിയിട്ടില്ലെന്നു മേയർ വ്യക്തമാക്കി. സത്യസന്ധമായി തന്നെ പറയുന്നു, ആ കത്ത് എനിക്കു ലഭിച്ചിട്ടില്ല. കത്തു കിട്ടിയെങ്കിൽ അതു പറയാനുളള ആർജവം ഞങ്ങൾ കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ക്രോസ് ഫയർ' അഭിമുഖത്തിൽ മലയാള മനോരമയുടെ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് സംസാരിക്കുകയായിരുന്നു ആനാവൂർ നാഗപ്പൻ. 

'മറ്റൊരു കത്ത് വന്നപ്പോൾ അത് എന്റേതാണ് എന്നു സമ്മതിച്ചില്ലേ. ഇക്കാര്യത്തിൽ അവ്യക്തത വന്നപ്പോഴാണ് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിയെ നേരിൽ കണ്ടു മേയർ ആവശ്യപ്പെട്ടത്. സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരം ആകില്ലെന്നു പറഞ്ഞ് ഒരു കോൺഗ്രസ് നേതാവ് ഹൈക്കോടതിയിൽ പോയി. വിജിലൻസിനു പരാതി നൽകി. അവർ അന്വേഷണം ആരംഭിച്ചു. അതും കഴിഞ്ഞ് ഓംബുഡ്‌സ്മാനും കത്തു കൊടുത്തു. അവരും നോട്ടിസ് അയച്ചു. ഒരു കാര്യത്തെക്കുറിച്ചു നാല് ഏജൻസികൾ അന്വേഷിക്കുകയാണ്. അദ്ദേഹം പറയുകയാണ്.

കോർപറേഷനുമായി ബന്ധപ്പെട്ട് ഇത് ആദ്യത്തെ അഴിമതി ആക്ഷേപം അല്ലല്ലോ എന്ന ചോദ്യത്തിന്, 
'അതെല്ലാം ആര്യ രാജേന്ദ്രൻ മേയർ ആയപ്പോൾ ഉടനെ സംഭവിച്ചത് അല്ല. വർഷങ്ങളായി ചില ഉദ്യോഗസ്ഥന്മാർ രഹസ്യമായി നടത്തിക്കൊണ്ടിരിക്കുന്നതാണ്. ചില ഉദ്യോഗസ്ഥർ രഹസ്യമായി ചില ഇടപാടുകൾ ചെയ്തു വന്നിരുന്നു. പട്ടികജാതി വർഗ ഫണ്ട് തട്ടിപ്പാണ് ആദ്യത്തേത്. അത് തുടങ്ങിയത് വളരെ മുൻപായിരുന്നു. വീട്ടു നമ്പർ തട്ടിപ്പും അങ്ങനെത്തന്നെയാണ്. പിരിച്ചെടുത്ത നികുതി അടയ്ക്കാത്തതാണ് മറ്റൊന്ന്. ഈ മൂന്നു പ്രശ്‌നങ്ങളാണ് ഗൗരവത്തോടെ വന്നത്. ഇതെല്ലാം ഈ ഭരണസമിതി അധികാരത്തിൽ വരുന്നതിന് വളരെ മുൻപാണ്. ചില ഉദ്യോഗസ്ഥരുടെ ഈ കള്ളക്കളി കണ്ടു പിടിച്ചു എന്നതാണ് ഈ മേയറുടെ പ്രത്യേകത.  അതു ചെയ്ത മേയറെ അഭിനന്ദിക്കുകയാണോ കുരിശിൽ തറയ്ക്കുകയാണോ വേണ്ടത്?' എന്നായിരുന്നു ആനാവൂരിന്റെ മറു ചോദ്യം.

'ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമരം നടത്തിയിട്ട് ജനരോഷം ഭരണകക്ഷിക്കു നേരെ ആണ് എന്നാണ് മാധ്യമങ്ങൾ എഴുതുന്നത്. നൂറു കണക്കിന് ആളുകൾ പല ആവശ്യത്തിനായി വരുന്ന ഇടമല്ലേ അത്യ ആർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം അവിടെ സമരം നടത്തിയാലോ. മേയറെക്കുറിച്ച് അപമാനകരമായ മുദ്രാവാക്യം വിളിച്ചില്ലേ. ഭർത്താവ് താമസിക്കുന്ന  കോഴിക്കോട്ടേക്കു പോകൂവെന്ന് ഒരു വനിതാ എംപി തന്നെ പരിഹസിച്ചില്ലേ?'

പാർട്ടിക്ക് കത്ത് കിട്ടിയിട്ടില്ലെന്നും. വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്ന ഒരു കാര്യത്തിൽ കുറ്റക്കാരി മേയർ അല്ല എന്നു ഞാൻ ആദ്യം തന്നെ പ്രഖ്യാപിച്ചാൽ അതു നീതിയാണോ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

'ബിജെപി ഭരിക്കുന്ന പാലക്കാട് കോർപറേഷനിൽ അടുത്തിടെ ചില നിയമനങ്ങൾ നടന്നു. എല്ലാം ബിജെപിക്കാരാണ്. രണ്ട് എണ്ണം മാത്രം യുഡിഎഫുകാർക്കും കൊടുത്തു. തിരുവനന്തപുരത്തു തന്നെ അനന്തപുരി എന്ന സർവീസ് സഹകരണ സംഘം ഉണ്ട്. അവിടെ 40 സ്ഥിരം തസ്തിക ഉണ്ട്. നാൽപതും ബിജെപിക്കാരാണ്. ഇതെല്ലാം ചെയ്യുന്ന ബിജെപിയാണ് തിരുവനന്തപുരം കോർപറേഷനു മുന്നിൽ ഈ സമരം നടത്തുന്നത്. പക്ഷേ മാധ്യമങ്ങൾ ഭൂതക്കണ്ണാടി വച്ചു നോക്കുന്നത് സിപിഎമ്മിനെയാണ്.' ആനാവൂർ പറയുന്നു.

കത്ത് വിവാദത്തിലെ പാർട്ടിതല അന്വേഷണം ഇതുവരെ ഉണ്ടായില്ലല്ലോ എന്നതിന,് 

'അത് ഒരാഴ്ചകൊണ്ട് തീർക്കാൻ കഴിയില്ലല്ലോ. ഉറവിടം എന്താണെന്ന് കണ്ടെത്തണം. അതു പുറത്തു വന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കണം. പാർട്ടിക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നു പരിശോധിക്കണം. ആധികാരികമായി ആ കത്തിനെക്കുറിച്ച് നിലപാട് പറയുമ്പോൾ ഞങ്ങൾക്ക് അങ്ങനെ ഒരു പരിശോധന വേണ്ടി വരും. അല്ലാതെ കോൺഗ്രസുകാർ പറയുന്നതു പോലെ എന്തെങ്കിലും ഇന്നു പറഞ്ഞ് നാളെ അവസാനിപ്പിക്കുന്ന രീതി സിപിഎമ്മിന് ഇല്ല. പാർട്ടി തലത്തിൽ അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയിൽ ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ട് എങ്കിൽ അത് ഏതു വലിയ നേതാവ് ആയാലും ചെറിയ നേതാവ് ആയാലും നടപടി ഉറപ്പാണ്. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.  ഇക്കാര്യത്തിലും മുഖം നോക്കാതെയുള്ള അന്വേഷണത്തിലേക്കും നടപടിയിലേക്കും ഞങ്ങൾ പോകും.' ആരാണ് കത്തിന്റെ ഉപജ്ഞാതാവ് എന്നത് ഞങ്ങളുടെ അന്വേഷത്തിലാണ്. അത് പരിശോധിക്കട്ടെ. അതിന്റെ അടിസ്ഥാനത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പാർട്ടിക്ക് അകത്തെ തർക്കങ്ങളോ വിഭാഗീയതയോ ഇതിനു പിന്നിൽ ഉണ്ടോ എന്നതിന് അത് ശുദ്ധ തെറ്റാണെന്നും അദ്ദേഹം പ്രതികരിക്കുന്നു. 
'കടുത്ത വിഭാഗീയത ഉണ്ടായിരുന്ന ഒരു ജില്ലയാണ് തിരുവനന്തപുരം. സംഘടനാപരമായ നല്ല ഇടപെടലിന്റെ ഭാഗമായി നൂറു ശതമാനവും അത് ഇല്ലാതായായി. ചിലർക്ക് അഭിപ്രായ വ്യത്യാസം കാണും, ചില നൈരാശ്യങ്ങൾ ഉണ്ടാകും. അതിനപ്പുറം ആരു വിചാരിച്ചാലും വിഭാഗീയത ഉണ്ടാക്കാൻ കഴിയില്ല. ഒറ്റക്കെട്ടായി നിന്നതു കൊണ്ടല്ലേ ഈ വിജയങ്ങൾ എല്ലാം നേടാൻ പാർട്ടിക്കു കഴിഞ്ഞത്. ജില്ലാ സെക്രട്ടേറിയറ്റ് അതിനു നേതൃത്വം കൊടുക്കുന്ന കൂട്ടായ നേതൃത്വമാണ്. ഒരു ചെറിയ കാര്യം പോലും ഒറ്റയ്ക്ക് തീരുമാനിക്കാനുളള അവകാശം എനിക്കോ സംസ്ഥാന സെക്രട്ടറിക്കോ ആർക്കുമോ ഇല്ല.'

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള മർക്കൈന്റെൽ സഹകരണ സംഘത്തിലെ നിയമനത്തിനായുള്ള താങ്കളുടെ കത്തു പുറത്തു വന്നതു താങ്കൾക്കെതിരെയുളള ആരോപണങ്ങൾ ശരിവയ്ക്കുന്നതല്ലേ എന്ന ചോദ്യത്തിന്.

ആ സംഘത്തിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചോട്ടെ എന്ന് അവർ ചോദിച്ചു. പറ്റില്ല. അവരെ എല്ലാം പിരിച്ചു വിടണം എന്നു പറയാൻ എനിക്കു കഴിയില്ല. സംഘത്തിന്റെ സാമ്പത്തികശേഷി നോക്കി ചിലരെ നിയമിക്കാം, എല്ലാവരെയും വേണ്ട എന്ന മറുപടി കൊടുത്തു. ആ മറുപടിയാണ് വിവാദമാക്കിയത്. ഞാൻ അങ്ങോട്ട് എഴുതിയതല്ല. ചോദിച്ച കാര്യത്തോട് പ്രതികരിച്ചതാണ്. ഞങ്ങൾ പരിശോധിച്ചാണ് ആ നിലപാട് എടുത്തത്.- എന്നായിരുന്നു മറുപടി.

ജില്ലാ സെക്രട്ടറി പദം ഒഴിയാത്തതിനെക്കുറിച്ചും ആനാവൂർ നാഗപ്പൻ പ്രതികരിക്കുന്നുണ്ട്. 'തിരുവനന്തപുരം എന്നത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഏറ്റവും ശ്രദ്ധ ഉള്ള ജില്ലയാണ്. നേരത്തേ ജില്ലയെ നയിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. അദ്ദേഹത്തിന്റെ രോഗവും മറ്റും കാരണം, പകരം ഒരാളെ നിശ്ചയിക്കാൻ തടസ്സം ആയിരുന്നു. അദ്ദേഹം നമ്മെ വിട്ടുപോയി. പുതിയ സെക്രട്ടറി കാര്യങ്ങൾ പരിശോധിച്ച് എത്രയും വേഗം ചെയ്യുമെന്നാണ് കരുതുന്നത്.' അദ്ദേഹം പറയുന്നു.

മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനത്തിൽ തൃപ്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. രണ്ടു വർഷമായി അവർ മേയറാണല്ലോ. ഇതുവരെ ഒരു നയാപൈസയുടെ അഴിമതി അവർ കാട്ടിയതായി പറയാൻ കഴിയുമോ? ഈ ഭൂതക്കണ്ണാടി വച്ച് നോക്കുന്നവർക്കു പോലും അതു ലഭിക്കില്ലെന്നും ആനാവൂർ വിശദീകരിക്കുന്നു.