കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി; ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു, തളിപ്പറമ്പില്‍ ശ്യാമളയ്‌ക്കെതിരെ മത്സരിക്കും
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂര്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. തളിപ്പറമ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ശ്യാമളയ്‌ക്കെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഹാന്‍വീവ് ചെയര്‍മാനുമായ ടി.കെ. ഗോവിന്ദന്‍ വിമതനായി മത്സരിക്കും. പയ്യന്നൂരില്‍ വി.കെ. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് പിന്നാലെ പ്രമുഖ നേതാവായ ടി.കെ. ഗോവിന്ദനും പാര്‍ട്ടി വിട്ടത് കണ്ണൂരിലെ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് ടി.കെ. ഗോവിന്ദന്‍ നിലപാട് കടുപ്പിച്ചത്. പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ അദ്ദേഹം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. ആന്തൂര്‍ ഭാഗത്തുനിന്നു മാത്രം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലെ വിവേചനവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
