ചവറയിൽ പിണറായി പറ്റിച്ചു; രാഷ്ട്രീയ വഞ്ചന നേരിട്ട ശേഷം എങ്ങനെ എൽഡിഎഫിൽ നിൽക്കും; ജി.ദേവരാജൻ

  1. Home
  2. Politics

ചവറയിൽ പിണറായി പറ്റിച്ചു; രാഷ്ട്രീയ വഞ്ചന നേരിട്ട ശേഷം എങ്ങനെ എൽഡിഎഫിൽ നിൽക്കും; ജി.ദേവരാജൻ

devraj


കേരളത്തിൽ യുഡിഎഫിന്റെ ഘടകകക്ഷിയായി ഉറച്ചു നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. യുഡിഎഫ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങൾ തികച്ചും ആവശ്യം ഉള്ളതാണെന്നു വിശ്വസിക്കുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്നും കേരളത്തിലെ എൽഡിഎഫ് എന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമുള്ള മുന്നണിയാണ്. അത് ഇടതുപക്ഷ മുന്നണിയല്ല. 

കമ്യൂണിസ്റ്റ്  ജനാധിപത്യമുന്നണിയായി അതിനെ വിശേഷിപ്പിക്കാം. എൽഡിഎഫിൽ ഉള്ളതിനേക്കാൾ ഇടതുപാർട്ടികൾ യുഡിഎഫിലാണ് എന്നും പറയുകയാണ് അദ്ദേഹം. കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികൾ മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് ക്രോസ് ഫയറിൽ തുറന്നു പറയുകയാണ് ജി.ദേവരാജ്.

സുഭാഷ് ചന്ദ്രബോസിന് ഇടതുപക്ഷ മനസ്സ് ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ആ നിലയിൽ ഇതൊരു ഇടതുപക്ഷ ആഭിമുഖ്യമുളള പാർട്ടി തന്നെയാണ്. 'പക്ഷേ കമ്യൂണിസ്റ്റ് മുദ്ര ഇതിൽ പതിഞ്ഞു. അരിവാൾ ചുറ്റികയും ചുവപ്പും കൊടിയിൽ ഉള്ള പാർട്ടിയിൽ ദൈവവിശ്വാസിയായ ഞങ്ങൾ എങ്ങനെ ചേരുമെന്ന് പലരും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അല്ലെന്നൊക്കെ വിശദീകരിക്കാറുണ്ടെങ്കിലും ഫലപ്രദമായില്ല. പാർട്ടിയുടെ വളർച്ചയ്ക്ക് കമ്യൂണിസ്റ്റ് മുഖം നല്ലതല്ലെന്ന വലിയ ചർച്ച വർഷങ്ങളായി നടക്കുകയായിരുന്നു. 'നേതാജിയിലേക്ക് തിരിച്ചു പോകുക' എന്ന ആശയം ശക്തമായി. ഒടുവിൽ ഭരണഘടന മാറ്റാനും കൊടിയിലെ അരിവാൾ ചുറ്റിക ഉപേക്ഷിക്കാനും ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. ചുവപ്പു കൊടിയിൽ ചാടുന്ന കടുവ എന്നതാണ് ഇപ്പോഴത്തെ കൊടി. കടുവ നേരത്തേയും ഉണ്ടായിരുന്നു.'

ദേശീയ തലത്തിൽ ഇടത് ഐക്യത്തിന്റെ ഭാഗമാണ് പാർട്ടിയ്ക്ക് എന്നാൽ സിപിഎം പരിഗണിക്കാറില്ലെന്നു തോന്നാറുണ്ടല്ലോ? എന്നതിന്

'ഞങ്ങൾ ഇടത് ഐക്യത്തിന്റെ ഭാഗമാണ്. പക്ഷേ അത് യുപിഎ പോലെയോ എൻഡിഎ പോലെയോ ഒരു സ്ഥിരം സംവിധാനമല്ല. യുപിഎ കാലത്ത് സ്ഥിരമായി യോഗങ്ങളും മറ്റും ചേരുമായിരുന്നു. ഇപ്പോഴും ചില കാര്യങ്ങളിൽ സിപിഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക് എന്നീ നാലു പാർട്ടികളും സംയുക്ത പ്രസ്താവന ഇറക്കാറുണ്ട്.' എന്നായിരുന്നു ഉത്തരം

രണ്ടുപാർട്ടികളെയും ഇടതു മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടെങ്കിലും ഒന്നും നടന്നില്ലെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും താങ്കളുടെ പാർട്ടിക്ക് സീറ്റു നൽകിയില്ലല്ലോ. നേരത്തേ എൽഡിഎഫ് അവഗണിച്ചെന്നു പറഞ്ഞാണല്ലോ ആ മുന്നണി വിട്ടത് എന്നതിന്,

' എൽഡിഎഫിൽ ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം സീറ്റ് ആയിരുന്നില്ല. രാഷ്ട്രീയ അംഗീകാരമായിരുന്നു. ധ്രുവീകരിക്കപ്പെട്ട കേരള രാഷ്ട്രീയത്തിൽ രണ്ടിൽ ഒരു മുന്നണിയുടെ ഭാഗമായി നിൽക്കേണ്ടത് ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും ആവശ്യമാണ്. ഫോർവേഡ് ബ്ലോക്കിന്റെ സ്വാഭാവിക ചോയ്‌സ് എൽഡിഎഫ് ആയിരുന്നു. എം.വി.രാഘവന്റെ ഇടപെടലിന്റെ ഫലമായി നേരത്തേ യുഡിഎഫിലേക്ക് ക്ഷണം ഞങ്ങൾക്ക് ലഭിച്ചിരുന്നു. പക്ഷേ കേന്ദ്രകമ്മിറ്റിതന്നെ അതു തടഞ്ഞു. അങ്ങനെയാണ് എൽഡിഎഫിനായി ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയത്. 
പക്ഷേ മാറി മാറി സർക്കാരുകൾ വന്നിട്ടും ഒരു നേട്ടവും ഞങ്ങൾക്ക് ഉണ്ടായില്ല. അതു ചോദിച്ച് ഞങ്ങൾ പോയിട്ടുമില്ല. ആകെ ഉന്നയിച്ച ആവശ്യം എൽഡിഎഫ് ഘടകകക്ഷി സ്ഥാനമാണ്. പക്ഷേ ഗണപതിയുടെ കല്യാണം പോലെ അതും നീണ്ടു. 2014ൽ എം.എ.ബേബിക്കെതിരെ കൊല്ലത്ത് ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനും ഞാനും മത്സരിക്കുന്ന സ്ഥിതിയായി. അന്നു പ്രകാശ് കാരാട്ട്തന്നെ ഇടപെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ഫോർവേഡ് ബ്ലോക്കിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യാമെന്നു വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ കത്തു നൽകി. അങ്ങനെ കൊല്ലത്തു മത്സര രംഗത്തുനിന്ന് ഞാൻ പിൻവാങ്ങി. 

2016ൽ 139 സീറ്റിലും സ്ഥാനാർഥിയെ തീരുമാനിച്ചിട്ട് ഒരു സീറ്റ് സിപിഎം ഒഴിച്ചിട്ടു. അതു ചവറ സീറ്റായിരുന്നു.ചവറ എന്റെ കൂടി മണ്ഡലമാണ്. എൽഡിഎഫിലെ ധാരണ ആ സീറ്റ് ഞങ്ങൾക്കു തരാം എന്നായിരുന്നു. കാനം രാജേന്ദ്രൻ തന്നെ അതു ഞങ്ങളോടു പറഞ്ഞു. പക്ഷേ ആ ചവറ സിഎംപിക്ക് കൊടുത്തു എന്നാണ് പിന്നീട് വാർത്ത വന്നത്.' ഈ രാഷ്ട്രീയ വഞ്ചന കൂടി നേരിട്ട ശേഷം എങ്ങനെയാണ് എൽഡിഎഫിൽ പിടിച്ചു നിൽക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. പക്ഷേ യുഡിഎഫിൽ ഞങ്ങൾ ഘടകകക്ഷിയായി എന്നതാണ് പ്രധാനം. ഞങ്ങൾക്കു സീറ്റ് തരാതിരുന്നുമില്ല. ഞങ്ങൾ മത്സരിച്ചില്ല എന്നേയുള്ളൂ. അടുത്ത തവണ ഒരു സീറ്റ് ഉണ്ടായിരിക്കുമെന്ന് വി.ഡി.സതീശൻ വീണ്ടും ഉറപ്പുതന്നിട്ടുണ്ട്. ദേവരാജൻ.
വ്യക്തമാക്കുന്നു.

യുഡിഎഫ് പ്രവർത്തന രീതിയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 

'പഴയ സിപിഎമ്മിനെയല്ല കേരളത്തിൽ കോൺഗ്രസും യുഡിഎഫും നേരിടുന്നത്. തിരഞ്ഞെടുപ്പ് ക്യംപെയ്ൻ പോലും ഇവന്റ് മാനേജ്‌മെന്റ് ടീമിനെ ഏൽപ്പിക്കുന്നവരായി അവർ മാറി. തിരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനമോ വാഗ്ദാനങ്ങളോകൊണ്ട് എൽഡിഎഫിനെ ഇന്നു തോൽപ്പിക്കാൻ കഴിയില്ല. താഴേത്തട്ടിൽ വലിയ വിന്യാസമാണ് അവർക്കുള്ളത്. പ്രബല സമുദായങ്ങൾക്കു പുറമെ കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾ പലതുണ്ടല്ലോ. എൺപത്തിമൂന്നോളം കൊച്ചു കൊച്ചു സമുദായങ്ങളുണ്ട്. അവരെയെല്ലാം കെ.കരുണാകരൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. സർക്കാരിൽനിന്ന് പലതും പ്രതീക്ഷിക്കുന്നതാണ് ഈ സമുദായങ്ങൾ. കരുണാകരനു ശേഷം കുറച്ചെങ്കിലും അവരെ കൂടെ നിർത്തിയത് ഉമ്മൻചാണ്ടിയാണ്. ഇന്ന് ഇപ്പോൾ ഇവരെ എല്ലാം കൈകാര്യം ചെയ്യാനും അടുപ്പിച്ചു നിർത്താനും കഴിയുന്ന ഒരു നേതാവ് കോൺഗ്രസിൽ ഇല്ല.'

ബിജെപിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്രത്തോളം രാഷ്ട്രീയമായ ആസൂത്രണം നടത്തുന്ന പാർട്ടി വേറെയില്ലെന്ന് അദ്ദേഹം പറയുന്നു. ആ മിടുക്ക് അംഗീകരിച്ചേ പറ്റൂ. ഒരു സംസ്ഥാനം പിടിക്കാൻ അവർ തീരുമാനിച്ചാൽ തലേന്നല്ല അതിനു ശ്രമം നടത്തുക. അവിടുത്തെ ഓരോ പ്രശ്‌നവും സാധ്യതയും മത സമുദായിക സ്ഥിതിയും ആഴത്തിൽ മനസ്സിലാക്കും. വർഗീയ ധ്രുവീകരണത്തിന് എന്തു ചെയ്യാൻ കഴിയുമെന്നു നോക്കും. വിജയിക്കുമെന്ന പ്രതീതി കൃത്രിമമായി ഉണ്ടാക്കും. തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയാവുന്ന പാർട്ടിയാണ് ഇന്നത്തെ ബിജെപി. 70-ാം ജന്മദിനത്തിൽ എം.കെ.സ്റ്റാലിൻ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് ഓർക്കേണ്ടത്. 'ആരു ജയിക്കും എന്നല്ല, ആരെയാണ് തോൽപ്പിക്കേണ്ടത്എന്നതാണ് മുഖ്യം' എന്നാണ് സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്.- അദ്ദേഹം പറയുന്നു

 ഡൽഹിയിൽ നടക്കുന്ന അതേ കാര്യങ്ങളാണ് ഇവിടെ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും ഇടയിൽ
നടക്കുന്നതെന്നും ദേവരാജൻ പറയുന്നു. 'പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു, മാധ്യമങ്ങളെ വിരട്ടുന്നു, ഏകാധിപത്യ പ്രവണത കാട്ടുന്നു. വിമർശിക്കുന്നവരെ അധിക്ഷേപിക്കാനായി ശമ്പളം നൽകി ആളെ വയ്ക്കുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ ആ വെട്ടുകിളി സംഘങ്ങളാണ്. ഇടതുപക്ഷം ഒരു വിശ്വാസ്യതയുള്ള പക്ഷമാണെങ്കിൽ ഏകാധിപത്യത്തിൽനിന്നും അഴിമതിയിൽനിന്നും ജീർണതയിൽ നിന്നും വിമുക്തരായിരിക്കണം. ബംഗാളിൽ ഇതെല്ലാം ചുറ്റിവരിഞ്ഞപ്പോഴാണ് ഭരണം പോയത്. സിംഗൂരും നന്ദിഗ്രാമും ഉണ്ടായിരുന്നില്ലെങ്കിൽ ഇടതുപക്ഷം ഇന്നും ബംഗാൾ ഭരിക്കുമായിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.