'ബി.ജെ.പിയിലേക്കുള്ള പോക്ക് എടുത്തുചാട്ടം, ആ തെറ്റ് തിരുത്തുന്നു'; കോൺഗ്രസിലേക്ക് മടങ്ങാൻ കത്തുനൽകി പത്മിനി തോമസ്

  1. Home
  2. Politics

'ബി.ജെ.പിയിലേക്കുള്ള പോക്ക് എടുത്തുചാട്ടം, ആ തെറ്റ് തിരുത്തുന്നു'; കോൺഗ്രസിലേക്ക് മടങ്ങാൻ കത്തുനൽകി പത്മിനി തോമസ്

padmini thomas


കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കായികതാരം പത്മിനി തോമസ് കത്തുനൽകി. ഇന്ദിരാ ഭവനിലെത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനാണ് അവർ കത്ത് കൈമാറിയത്. ബി.ജെ.പിയിലേക്ക് പോയത് ഒരു എടുത്തുചാട്ടമായിരുന്നെന്നും അതിൽ തനിക്ക് വലിയ ദുഃഖമുണ്ടെന്നും വ്യക്തമാക്കിയ പത്മിനി തോമസ്, കോൺഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റ് തിരുത്തുകയാണെന്നും അറിയിച്ചു.

രണ്ടരവർഷം താൻ ബി.ജെ.പിയിലുണ്ടായിരുന്നെന്നും അവിടുത്തെ പല കാര്യങ്ങളുമായി സഹകരിച്ചുപോകാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഒരു ഡിമാൻഡുകളും വെച്ചുകൊണ്ടല്ല ബി.ജെ.പിയിലേക്ക് പോയതെങ്കിലും, കായികമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുത്താമെന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. താനായാലും പത്മജയായാലും ശ്രീലേഖയായാലും ശോഭാ സുരേന്ദ്രനായാലും പല പദവികളും ലഭിക്കേണ്ടവരായിരുന്നെന്നും എന്നാൽ അവർക്കാർക്കും ഒന്നും കിട്ടിയില്ലെന്നും പത്മിനി തോമസ് ചൂണ്ടിക്കാട്ടി. പദവിക്ക് വേണ്ടിയല്ല ഇത് പറയുന്നതെന്നും, പാർട്ടിയിൽ ഒന്നും മുന്നോട്ട് പോകുന്നില്ലെന്നും പോസിറ്റീവായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. അവസാനകാലമായപ്പോഴേക്കും നേതാക്കളുമായി കൂടിക്കാഴ്ചകൾ പോലും ബുദ്ധിമുട്ടായെന്നും, പ്രസിഡന്റ് സെക്രട്ടറിയോട് പറയുന്ന കാര്യങ്ങൾ സെക്രട്ടറി ചെയ്യാത്ത അവസ്ഥയാണ് അവിടെയുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ബി.ജെ.പിയിൽ ചെന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ അവിടുത്തെ പ്രവർത്തനരീതികൾ മനസ്സിലായെന്ന് പത്മിനി തോമസ് വ്യക്തമാക്കി. ഒരു ചെറിയ വിഷമം ഉണ്ടായപ്പോൾ സ്വന്തം കുടുംബത്തിൽ നിന്ന് എടുത്തുചാടി ചെയ്ത കാര്യത്തിൽ ഒരുപാട് ദുഃഖമുണ്ടെന്നും ആ തെറ്റ് തിരുത്തുകയാണെന്നും അവർ പറഞ്ഞു. അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാ അംഗീകാരങ്ങളും നൽകിയത് കോൺഗ്രസ് പാർട്ടിയാണെന്നും, ചെറിയ തെറ്റ് ചെയ്താൽ അവർക്ക് ക്ഷമിക്കാൻ കഴിയുമെന്ന് അറിയാവുന്നതിനാലാണ് താൻ തിരിച്ചുവരുന്നതെന്നും പത്മിനി തോമസ് പ്രതികരിച്ചു.