'കേരളത്തിലെ കോൺഗ്രസ് വനിതകളെ സഹായിക്കൂ'; സ്ഥാനാർത്ഥി പട്ടികയിൽ പരസ്യ അതൃപ്തിയുമായി ഷമ മുഹമ്മദ്
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ്. സംസ്ഥാനത്തെ കോൺഗ്രസ് വനിതാ നേതാക്കളെ സഹായിക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഷമ പട്ടികയിലെ സ്ത്രീ പ്രാതിനിധ്യക്കുറവിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
കോൺഗ്രസ് മത്സരിക്കുന്ന 92 നിയമസഭാ സീറ്റുകളിൽ വെറും ഒമ്പത് എണ്ണം മാത്രമാണ് വനിതകൾക്ക് നൽകിയതെന്ന് അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആകെ ഒരു വനിതയെ മാത്രമാണ് പാർട്ടി പരിഗണിച്ചതെന്നും ഷമ ഓർമ്മിപ്പിച്ചു. "കഴിവുള്ള സ്ത്രീകൾ പാർട്ടിയിലുണ്ടെങ്കിലും അവരുടെ നിലവിലെ സ്ഥിതി പരിതാപകരമാണ്. നിരസിക്കപ്പെട്ടു, പക്ഷേ തോൽപ്പിക്കാനാവില്ല," എന്നും അവർ കുറിച്ചു.
കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ ഷമ മുഹമ്മദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കുമെന്ന് വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, രണ്ടാംഘട്ട പട്ടിക പുറത്തുവന്നപ്പോൾ മുൻ മേയർ ടി.ഒ. മോഹനനാണ് അവിടെ നറുക്കുവീണത്. ഇതിലുള്ള അതൃപ്തിയാണ് ഇപ്പോൾ പരസ്യ പ്രതികരണത്തിലേക്ക് നയിച്ചിരിക്കുന്നത്. കെ. സുധാകരൻ പിന്മാറിയ മണ്ഡലത്തിൽ ഒരു വനിതാ നേതാവിനെ പരിഗണിക്കാത്തതിലാണ് ഷമയുടെ പ്രധാന പ്രതിഷേധം.
