'ഇത് അവരുടെ തന്നെ പിഴവാണ്'; എഎപിയിലെ പിളർപ്പിൽ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഹസാരെ
ആം ആദ്മി പാർട്ടിയിലെ വൻ രാഷ്ട്രീയ അട്ടിമറികൾക്കും എംപിമാരുടെ കൂട്ടകൊഴിഞ്ഞുപോക്കിനും പിന്നാലെ എഎപി നേതൃത്വത്തെ കുറ്റപ്പെടുത്തി ഗാന്ധിയൻ അണ്ണാ ഹസാരെ രംഗത്ത്. പാർട്ടിയിലുണ്ടായ ഈ പ്രതിസന്ധിക്ക് ആം ആദ്മി പാർട്ടി തന്നെയാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ പാതയിലൂടെയാണ് പാർട്ടി സഞ്ചരിച്ചിരുന്നതെങ്കിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ നിലപാടുകളിലോ പ്രവർത്തനരീതിയിലോ ഉള്ള പാളിച്ചകളാണ് നേതാക്കൾ കൂട്ടത്തോടെ വിട്ടുപോകാൻ കാരണമെന്ന് ഹസാരെ ചൂണ്ടിക്കാട്ടി. "ജനാധിപത്യത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അവർക്ക് പാർട്ടിയിൽ പല പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം. ഇതാകാം പാർട്ടി വിടാനുള്ള കാരണം. ഇത് എഎപിയുടെ തന്നെ പിഴവാണ്. അവർ ശരിയായ പാതയിലായിരുന്നുവെങ്കിൽ എംപിമാർ പാർട്ടി വിടില്ലായിരുന്നു," - അണ്ണാ ഹസാരെ വ്യക്തമാക്കി.
മുതിർന്ന നേതാവ് രാഘവ് ഛദ്ദയും മറ്റ് ആറ് രാജ്യസഭാ എംപിമാരും ബിജെപിയിൽ ചേർന്നത് എഎപിക്ക് വലിയ പ്രഹരമായിരിക്കുകയാണ്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വളർന്നുവന്ന പാർട്ടിയിൽ നിന്ന് പ്രധാന നേതാക്കൾ തന്നെ പുറത്തുപോയത് പാർട്ടിയുടെ ഭാവിയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഡൽഹിക്ക് പുറമെ പഞ്ചാബിലും പാർട്ടിയിൽ വിള്ളലുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. എംപിമാരുടെ കൂറുമാറ്റ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ടിരുന്നു. എംഎൽഎമാരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതോടെ എഎപി നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്.
