കെ. സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാൻ നിർദേശം; എല്ലാ എം.പിമാരും ഡൽഹിയിൽ എത്തണമെന്ന് എ.ഐ.സി.സി
മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസിന്റെ എല്ലാ എം.പിമാരുടെയും സാന്നിധ്യം ഉറപ്പാക്കാൻ എ.ഐ.സി.സി നിർദേശം നൽകി. നിലവിൽ യു.എ.ഇയിലുള്ള കെ. സുധാകരനോട് വിദേശ സന്ദർശനം ചുരുക്കി തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഞായറാഴ്ച രാവിലെ മുഴുവൻ എം.പിമാരും ഡൽഹിയിൽ എത്തിച്ചേരണമെന്ന് ഇന്ത്യ സഖ്യ നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി കെ. സുധാകരൻ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാനത്തെ നേതാക്കൾ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പയ്യന്നൂരിൽ സി.പി.എം നേതാവ് കൊലപാതകത്തെ ന്യായീകരിച്ച സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച് നേതാവിനെ പുറത്താക്കാൻ സി.പി.എം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചീമേനിയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ആസൂത്രിതമാണെന്ന വെളിപ്പെടുത്തൽ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണെന്നും പിണറായി ഭരണകാലത്ത് കണ്ണൂരിൽ ആക്രമിക്കപ്പെട്ട യൂത്ത് കോൺഗ്രസുകാർ പകപോക്കൽ രാഷ്ട്രീയമല്ല സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
