കർണാടകയിൽ ദളിത്‌ ഉപമുഖ്യമന്ത്രി വേണം; ഇല്ലെങ്കിൽ പാർട്ടിക്ക് പ്രശ്നമാകുമെന്ന് ജി പരമേശ്വര

  1. Home
  2. Politics

കർണാടകയിൽ ദളിത്‌ ഉപമുഖ്യമന്ത്രി വേണം; ഇല്ലെങ്കിൽ പാർട്ടിക്ക് പ്രശ്നമാകുമെന്ന് ജി പരമേശ്വര

G Parameshwara


കർണാടകയിൽ ദളിത്‌ ഉപമുഖ്യമന്ത്രി വേണമെന്നും  ഇല്ലെങ്കിൽ പാർട്ടിക്ക് വിപരീത ഫലമുണ്ടാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ദലിത് നേതാവായ ജി. പരമേശ്വര  ഉപമുഖ്യമന്ത്രിയായിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയുമായി കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ്  ജി. പരമേശ്വര പുതിയ ആവശ്യം ഉന്നയിച്ചത്.

താൻ മാത്രമാകണം ഉപമുഖ്യമന്ത്രിയെന്ന ശിവകുമാറിന്റെ ആവശ്യം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ശരിയായിരിക്കും. പക്ഷെ ഹൈക്കമാന്റിന്റെ വീക്ഷണം വ്യത്യസ്തമായിരിക്കണമെന്നും അവർക്ക് എല്ലാവരെയും പരിഗണിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ദലിത് സമുദായത്തിന് കോൺഗ്രസിൽ വലിയ പ്രതീക്ഷയുണ്ട്. ഇത് തിരിച്ചറിഞ്ഞ് നേതൃത്വം തീരുമാനമെടുക്കണം. അല്ലെങ്കിൽ സ്വാഭാവികമായും അതിനുള്ള പ്രതികരണങ്ങൾ ഉണ്ടാകും. പിന്നീട് തിരിച്ചറിയുന്നതിന് പകരം ഇപ്പോൾ തിരുത്തിയാൽ നന്നായിരിക്കും. അല്ലെങ്കിൽ അത് പാർട്ടിക്ക് പ്രശ്നമുണ്ടാക്കിയേക്കാമെന്നും അത് മനസ്സിലാക്കാണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവിയിൽ തനിക്കും താൽപര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ ഹൈക്കമാന്റ് നിർദേശം അനുസരിക്കണം. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇപ്പോൾ അവർ രണ്ടുപേരെ പ്രഖ്യാപിച്ചു. മന്ത്രിസഭ വിപുലീകരിക്കുമ്പോൾ അവർ എങ്ങനെ നീതിചെയ്യുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.