ഡിഎംകെ മുന്നണി വിട്ട് മുസ്ലിം ലീഗ്; തമിഴ്‌നാട്ടിൽ ഇനി വിജയ്‌യുടെ ടിവികെയ്ക്കൊപ്പം
തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുമായുള്ള ദീർഘകാല രാഷ്ട്രീയ സഹകരണം അവസാനിപ്പിച്ചതായി മുസ്ലിം ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെ മുന്നണിക്കൊപ്പം തുടരാനാകില്ലെന്ന് വ്യക്തമാക്കിയ പാർട്ടി, ഇനി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) സഖ്യത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചു. ചെന്നൈയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനാണ് നിർണായക തീരുമാനം വ്യക്തമാക്കിയത്.
ഡിഎംകെ സഖ്യം വിടുന്ന കാര്യവും അതിനായി പാസാക്കിയ പ്രമേയവും ഡിഎംകെ അധ്യക്ഷനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെയും മുന്നണി സംവിധാനങ്ങളെക്കുറിച്ച് ഔദ്യോഗിക വിജ്ഞാപനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പാർട്ടി പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് പിന്തുണ നൽകിയതിനെക്കുറിച്ചും ലീഗ് നേതൃത്വം വിശദീകരണം നൽകി. ടിവികെയെ പിന്തുണച്ചിരുന്നില്ലെങ്കിൽ തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും അതുവഴി ബിജെപിയുടെ പരോക്ഷ നിയന്ത്രണം വരാനും സാധ്യതയുണ്ടായിരുന്നുവെന്നും, അത് തടയാനാണ് വിജയ്‌ക്ക് നിരുപാധിക പിന്തുണ നൽകിയതെന്നും ഖാദർ മൊയ്തീൻ അവകാശപ്പെട്ടു. ടിവികെ മന്ത്രിസഭയിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യം ലഭിച്ചതായും ഇതിന് വിജയ്‌യോടും ടിവികെ നേതൃത്വത്തോടും നന്ദി അറിയിക്കുന്നതായും ലീഗ് നേതൃത്വം കൂട്ടിച്ചേർത്തു.
