പെരിയയിൽ രാഷ്ട്രീയ നാടകം; പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും
കാസർഗോഡ് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ ഭരണസാരഥികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചപ്പോൾ, പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എൽഡിഎഫ് സ്വന്തമാക്കി. കോൺഗ്രസിലെ അഡ്വ. ബാബുരാജുവിനെയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. എൽഡിഎഫ് അംഗം വി.കെ. നളിനിയുടെ വോട്ട് അസാധുവായതും ബിജെപി അംഗം വിട്ടുനിന്നതും യുഡിഎഫിന് തുണയായി.
തിങ്കളാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഡോ. സി.കെ. സബിത വിജയിച്ചു. എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് വോട്ടുകൾ വീതം ലഭിച്ചതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് സബിതയെ തിരഞ്ഞെടുത്തത്. നേരത്തെ കോൺഗ്രസിനുള്ളിലെ തർക്കം മൂലം യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
ബിജെപി അംഗം സന്തോഷ് കുമാർ രണ്ട് തിരഞ്ഞെടുപ്പുകളിൽ നിന്നും വിട്ടുനിന്നു. ആദ്യതവണ അംഗങ്ങളുടെ കുറവ് മൂലം കോറം തികയാതെ വന്നതോടെയാണ് വരണാധികാരി തിരഞ്ഞെടുപ്പ് മാറ്റിയത്. എന്നാൽ രണ്ടാം തവണ വോട്ടെടുപ്പ് നടന്നപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി യുഡിഎഫ് വിജയിക്കുകയായിരുന്നു.
