ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ആർഎസ്പി; മുന്നണിയോഗം ചേരാത്തതിലും വിമർശനം
സംസ്ഥാനത്തെ ബോർഡ്-കോർപ്പറേഷൻ പദവികളുടെ വിഭജനത്തിലും യുഡിഎഫ് മുന്നണിയോഗം ചേരാത്തതിലും കടുത്ത അതൃപ്തി പരസ്യമാക്കി ആർഎസ്പി. മുന്നണിയോഗം ചേർന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ വേദിയില്ലാതായെന്നും ആർഎസ്പിയുടെ മുതിർന്ന നേതാവ് എ.എ. അസീസ് കുറ്റപ്പെടുത്തി. യുഡിഎഫ് കൺവീനർ തന്നെ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ അത് നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ അധികാരത്തിൽ വന്നിട്ട് ആറ് മാസമായിട്ടും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ ബോർഡുകൾ, കോർപ്പറേഷനുകൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയെല്ലാം അനാഥാവസ്ഥയിലാണെന്ന് എ.എ. അസീസ് ആരോപിച്ചു. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അവ നടപ്പാക്കുന്നില്ലെന്നും, ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന് മാത്രം ചെയർമാൻ സ്ഥാനങ്ങൾ നൽകിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അസീസ് വിമർശിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആർഎസ്പിക്ക് ഒൻപത് പദവികൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് പദവികൾ മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണുള്ളത്. ഭരണചക്രം ചില പ്രത്യേക കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്നും, അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലും മുന്നണിയോഗം ചേരാത്തതിലും അതൃപ്തി അറിയിച്ച് കോൺഗ്രസിലെ 'എ' ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു.
