ഖര്‍ഗെയെ കണ്ട് ശശി തരൂര്‍; കേരളത്തിലെ സാഹചര്യം ധരിപ്പിച്ചു, മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി
കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍. ഡല്‍ഹിയിലെ ഖര്‍ഗെയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും എം.എല്‍.എമാരുടെ നിലപാടും തരൂര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ട് ഖര്‍ഗെയ്ക്ക് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പാണ് തരൂര്‍ അധ്യക്ഷനെ കണ്ടത് എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തരൂര്‍ തന്നെ എക്സിലൂടെ പങ്കുവെച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ തന്റെ കൃത്യമായ നിലപാട് ഖര്‍ഗെയെ അറിയിച്ചിട്ടുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി. എന്നാല്‍ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ആരെയാണ് അദ്ദേഹം പിന്തുണച്ചത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി നിഷ്പക്ഷമായ ഒരു നിലപാടാണോ അതോ പ്രമുഖരായ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് അനുകൂലമായ നിലപാടാണോ തരൂര്‍ സ്വീകരിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കെ, തരൂരിന്റെ നിലപാട് പ്രഖ്യാപനത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.
