ചെങ്കോലിനെ വാക്കിങ് സ്റ്റിക്കിനോട് ഉപമിക്കുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

നെഹ്റുവിൻ്റെ വടി പോലെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് ഗാന്ധി കുടുംബം ചെങ്കോൽ വെച്ചിരിക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെയായിരുന്നു കേന്ദ്ര മന്ത്രിയുടെ രൂക്ഷ വിമർശനം.
ചെങ്കോൽ നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ അടയാളമാണ്. ആ ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വെച്ച് അതിനെ ഒരു വാക്കിംഗ് സ്റ്റിക്കിനോട് ഉപമിക്കുന്ന ഗാന്ധി ഫാമിലി രാജ്യത്തിൻ്റെ ചരിത്രത്തെയും ജനാധിപത്യത്തെയും ഏത് രീതിയിലാണ് കാണുന്നതെന്ന് ഇന്ത്യക്കാർ മനസിലാക്കണം. സമാനചിന്താഗതിക്കാരെ പ്രകോപിപ്പിച്ച് പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് അതുകൊണ്ട് തന്നെ എന്നെ അതിശയപ്പെടുത്തുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഒഎം ബിർളയും പ്രധാനമന്ത്രി മോദിയും ചേർന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും. കൂടാതെ, വീർ സവർക്കറുടെ 140-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടന തീയതി.