സ്റ്റാലിന് വീണ്ടും തിരിച്ചടി, എംഡിഎംകെയും മുന്നണി വിട്ടു
തമിഴ്‌നാട്ടിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെയ്ക്ക് രാഷ്ട്രീയ തിരിച്ചടികൾ തുടരുന്നു. വിജയ്‌യുടെ ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ സഖ്യകക്ഷികൾ ഓരോന്നായി മുന്നണി വിടുന്നതിനിടയിൽ, ഇപ്പോൾ എംഡിഎംകെയും ഒമ്പത് വർഷം നീണ്ട ഡിഎംകെ ബന്ധം അവസാനിപ്പിച്ചു. എംഡിഎംകെയും ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം പുതിയ ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കൽ, മേക്കേദാട്ടു അണക്കെട്ട് പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കൽ ഉൾപ്പെടെയുള്ള സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യരുതെന്ന് എംഡിഎംകെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ടിവികെയുമായുള്ള നേരിട്ടുള്ള സഖ്യത്തെക്കുറിച്ച് പ്രമേയത്തിൽ കൃത്യമായി പ്രതിപാദിച്ചിട്ടില്ല.
എംഡിഎംകെയെ ദുർബ്ബലപ്പെടുത്താൻ ഡിഎംകെ ബോധപൂർവ്വം ശ്രമം നടത്തിയെന്നും സർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയുമായി (AIADMK) രഹസ്യനീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാൻ തീരുമാനിച്ചതെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിവരം. എന്നാൽ, ഈ ആരോപണങ്ങൾ ഡിഎംകെ പൂർണ്ണമായും തള്ളിക്കളഞ്ഞു. എംഡിഎംകെയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും കൃത്യമായ പ്രാതിനിധ്യം ലഭിക്കാൻ കാരണം തങ്ങളാണെന്ന് ഡിഎംകെ നേതൃത്വം പ്രതികരിച്ചു. തമിഴ്‌നാട് നിയമസഭയിൽ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഡിഎംകെ മുന്നണി വിട്ട് കോൺഗ്രസ്, സിപിഎം, മുസ്‌ലിം ലീഗ്, വിസികെ അടക്കമുള്ള പാർട്ടികൾ നേരത്തെ തന്നെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒമ്പത് വർഷം നീണ്ട മുന്നണിബന്ധം എംഡിഎംകെയും അവസാനിപ്പിച്ചത്. അതേസമയം, എംഡിഎംകെയുടെ ആകെയുള്ള രണ്ട് എം.എൽ.എമാരും പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ഇരുവരും ഡിഎംകെ ക്യാമ്പിൽ തന്നെ തുടരുമെന്നാണ് സൂചന.
