വിശ്വസ്തയും പടിയിറങ്ങി; മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയിൽ നിന്ന് രാജിവെച്ചു

  1. Home
  2. Politics

വിശ്വസ്തയും പടിയിറങ്ങി; മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയിൽ നിന്ന് രാജിവെച്ചു

chhandrima


പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (TMC) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയും ടി.എം.സി സംസ്ഥാന അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സുബ്രത ബക്ഷിയെ മാറ്റിയാണ് ചന്ദ്രിമയെ മമത അധ്യക്ഷയായി നിയമിച്ചത്. എന്നാൽ ചുമതലയേറ്റ് ഒരു മാസം തികയും മുൻപേയുള്ള ഈ പടിയിറക്കം പാർട്ടിക്ക് കനത്ത തിരിച്ചടിയായി.

സംസ്ഥാന അധ്യക്ഷ പദവിയും മറ്റ് എല്ലാ ചുമതലകളും ഒഴിയുകയാണെന്ന് കാണിച്ച് ചന്ദ്രിമ ഭട്ടാചാര്യ മമത ബാനർജിക്ക് രാജിക്കത്ത് നൽകി. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ചുമതലയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അധികാരവും ഇനി തനിക്കില്ലെന്നും അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ 2011 ലാണ് നിയമസഭയിലെത്തുന്നത്. മമത സർക്കാരിൽ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പ്രമുഖ നേതാവാണ് ഇവർ.

മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും നേരിടുന്ന അതിരൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ തുടർച്ചയാണ് ഈ രാജിയെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ 80 എം.എൽ.എമാരിൽ 50 പേരും ഇതിനോടകം റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിൽ ചേർന്നത് തൃണമൂലിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നത്തിന് മേലുള്ള അവകാശവാദവുമായി വിമത വിഭാഗം ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ചിഹ്നത്തിനായുള്ള നിയമപോരാട്ടം മുറുകുന്നത് പാർട്ടിയെ പൂർണ്ണമായ പിളർപ്പിലേക്കാണ് എത്തിക്കുന്നത്.