'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ മാന്യത കാണിക്കണം'; മുന്നണി വിപുലീകരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

  1. Home
  2. Politics

'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ മാന്യത കാണിക്കണം'; മുന്നണി വിപുലീകരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

mulllappally


യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെയും പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ. കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് ഒരു വഴിയമ്പലമല്ലെന്നും അവസരസേവകരുടെ അവസാന അഭയകേന്ദ്രമായി മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്നണിയിലേക്ക് എത്തുന്ന പി.വി. അന്‍വര്‍ കൂടുതല്‍ അനുസരണയോടെയും മാന്യതയോടെയും ഇടപെടാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ നയങ്ങളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യം പാടുള്ളൂ. മുന്നണിയില്‍ അച്ചടക്കം അനിവാര്യമാണെന്നും എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് വാശിപിടിച്ചാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അന്‍വറിനോട് വ്യക്തിപരമായ വൈരാഗ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്‍വര്‍ കെഎസ്‌യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നുവന്ന ആളാണെന്ന കാര്യം മറക്കുന്നില്ലെന്നും ഓര്‍മ്മിപ്പിച്ചു. ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ മുന്നണി വിപുലീകരണത്തില്‍ അന്തിമ തീരുമാനമെടുക്കാവൂ എന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.