യുഡിഎഫിലേക്കില്ല, അപേക്ഷ നൽകിയെന്ന വാർത്തകൾ തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ
യുഡിഎഫ് തങ്ങളെ അസോസിയേറ്റ് അംഗമാക്കാൻ തീരുമാനിച്ചുവെന്ന വാർത്തകൾ തള്ളിക്കൊണ്ട് കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. താൻ മുന്നണി മാറാൻ ആർക്കും അപേക്ഷ നൽകിയിട്ടില്ലെന്നും ഇപ്പോഴും എൻഡിഎയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻഡിഎ വൈസ് ചെയർമാനായ താൻ 14-ാം വയസ്സു മുതൽ സ്വയംസേവകനാണെന്നും ഇപ്പോഴും ആ പശ്ചാത്തലത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ഇത്തരമൊരു വിഷയത്തിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. താൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടാൻ യുഡിഎഫ് നേതൃത്വത്തെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
എൻഡിഎയിലെ ഘടകകക്ഷികളെ വേണ്ടവിധം പരിഗണിക്കാത്ത ബിജെപി ശൈലിയോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർ ഘടകകക്ഷികൾക്ക് വോട്ട് ചെയ്യാൻ കാണിച്ച വൈമനസ്യം മുന്നണി യോഗത്തിൽ ഉന്നയിക്കും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് കരുത്തുണ്ട്, അല്ലെങ്കിൽ പരിവാർ പ്രസ്ഥാനങ്ങൾ ഇടപെട്ട് അത് പരിഹരിക്കും. നിലവിൽ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയശേഷം ഘടകകക്ഷികൾക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണി മാറണമെങ്കിൽ വിഎസ്ഡിപിയുടെ പ്രതിനിധി സഭയും സംസ്ഥാന കമ്മിറ്റിയും കൂടി തീരുമാനമെടുക്കേണ്ടതുണ്ട്. അത്തരം ചർച്ചകളൊന്നും പാർട്ടിയിൽ നടന്നിട്ടില്ല. എൻഡിഎയുടെ രാഷ്ട്രീയ സമീപനങ്ങളിൽ അതൃപ്തിയുണ്ടെങ്കിലും മുന്നണി വിട്ടുപോകേണ്ട സാഹചര്യം നിലവിലില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കി. പൂർണ്ണമായ അംഗത്വം നൽകാതെ അസോസിയേറ്റ് അംഗമാക്കാനുള്ള യുഡിഎഫ് തീരുമാനമാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ ചൊടിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
