എഐ വഴി എല്ലാ രോഗങ്ങൾക്കും പരിഹാരം; 500 മില്യൺ ഡോളറിന്റെ വൻ പദ്ധതിയുമായി മാർക്ക് സക്കർബർഗ്
ലോകത്തെ മുഴുവൻ രോഗങ്ങളെയും പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) വൻ നിക്ഷേപവുമായി മെറ്റാ തലവൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. മനുഷ്യകോശങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി മനസ്സിലാക്കി രോഗങ്ങൾ കണ്ടെത്താനും തടയാനുമായി 'വെർച്വൽ ബയോളജി ഇനിഷ്യേറ്റീവ്' എന്ന പേരിൽ 500 മില്യൺ ഡോളറിന്റെ ഗവേഷണ പദ്ധതിയാണ് ഇവർ ആരംഭിച്ചിരിക്കുന്നത്.
മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം ഡിജിറ്റൽ മാതൃകയിൽ പുനരാവിഷ്കരിക്കുന്ന എഐ മോഡലുകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ലാബുകളിൽ നേരിട്ട് പരീക്ഷണങ്ങൾ നടത്തുന്നതിന് മുൻപ് തന്നെ കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ ആയിരക്കണക്കിന് വെർച്വൽ പരീക്ഷണങ്ങൾ നടത്താൻ സാധിക്കും. അഞ്ച് വർഷം നീളുന്ന ഈ പദ്ധതിയിൽ ആരോഗ്യകരമായ കോശങ്ങളും രോഗബാധിതമായ കോശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ പഠിച്ച് രോഗങ്ങളുടെ തുടക്കവും വളർച്ചയും മുൻകൂട്ടി കണ്ടെത്താൻ എഐയെ പ്രാപ്തമാക്കും.
പദ്ധതിക്കായി വിനിയോഗിക്കുന്ന തുകയിൽ 400 മില്യൺ ഡോളറും ഉയർന്ന നിലവാരത്തിലുള്ള ഇമേജിംഗ് സംവിധാനങ്ങൾക്കും കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ബാക്കി 100 മില്യൺ ഡോളർ ലോകമെമ്പാടുമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കുമായി ധനസഹായം നൽകും. പദ്ധതിയിലൂടെ ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മനുഷ്യശരീരത്തിന്റെ സങ്കീർണ്ണതയും കൃത്യമായ ഡാറ്റയുടെ കുറവും വെല്ലുവിളിയാണെങ്കിലും, വൈദ്യശാസ്ത്ര രംഗത്ത് ഇതൊരു വലിയ വിപ്ലവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
