‘ലിങ്കുകളിൽ അമർത്തുംമുമ്പ് ജാഗ്രത വേണം’; മുന്നറിയിപ്പുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

  1. Home
  2. Social Media

‘ലിങ്കുകളിൽ അമർത്തുംമുമ്പ് ജാഗ്രത വേണം’; മുന്നറിയിപ്പുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

cyber security


വിദ്യാർഥികളെയും അവരുടെ ഡിജിറ്റൽ വിവരങ്ങളെയും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള 'ബാക്ക് ടു സ്കൂൾ' കാമ്പയിന്റെ ഭാഗമായാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ അമർത്തുന്നത് വഴി വ്യക്തിഗത വിവരങ്ങളും പഠനസാമഗ്രികളും നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

ഭയപ്പെടുത്തുന്നതോ ധൃതി കൂട്ടുന്നതോ ആയ വ്യാജ സന്ദേശങ്ങളോട് ഉടൻ പ്രതികരിക്കരുതെന്നും, അജ്ഞാത ഇമെയിലുകളിൽ നിന്നുള്ള പി.ഡി.എഫ്/വേഡ് അറ്റാച്ച്‌മെന്റുകൾ തുറക്കരുതെന്നും നിർദേശത്തിൽ പറയുന്നു. വെബ്‌സൈറ്റുകളിൽ എച്ച്.ടി.ടി.പി.എസ് (HTTPS) അല്ലെങ്കിൽ ലോക്ക് ചിഹ്നം ഉണ്ടെന്ന് കരുതി മാത്രം അത് സുരക്ഷിതമാകണമെന്നില്ലെന്നും യു.ആർ.എൽ (URL) കൃത്യമായി പരിശോധിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

പൊതു വൈഫൈ ശൃംഖലകൾ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകളോ പാസ്‌വേഡ് മാറ്റങ്ങളോ നടത്തുന്നത് ഒഴിവാക്കണം. ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് നൽകരുതെന്നും, ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ (MFA) നിർബന്ധമായും ക്രമീകരിക്കണമെന്നും കൗൺസിൽ ഓർമിപ്പിക്കുന്നു. അബദ്ധത്തിൽ തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്താലോ പാസ്‌വേഡ് കൈമാറിയാലോ പേജ് ഉടൻ ക്ലോസ് ചെയ്യാനും പാസ്‌വേഡുകൾ ഉടനടി മാറ്റി സ്ഥാപിക്കാനും നിർദേശമുണ്ട്.