സ്വയം 'യേശുവായി' ചിത്രീകരിച്ച് ഡൊണാൾഡ് ട്രംപ്; മാർപാപ്പയ്‌ക്കെതിരെയും രൂക്ഷവിമർശനം

  1. Home
  2. Social Media

സ്വയം 'യേശുവായി' ചിത്രീകരിച്ച് ഡൊണാൾഡ് ട്രംപ്; മാർപാപ്പയ്‌ക്കെതിരെയും രൂക്ഷവിമർശനം

trump as jesus


യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിത്രം തന്റെ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ചാണ് ട്രംപ് വീണ്ടും വിവാദങ്ങളിൽ നിറയുന്നത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ചിത്രത്തിൽ സൈനികർ, വിമാനങ്ങൾ, നഴ്സുമാർ എന്നിവർക്കൊപ്പം ഒരു രോഗിക്ക് 'രോഗശാന്തി' നൽകുന്ന ട്രംപിനെയാണ് കാണാൻ കഴിയുന്നത്. രോഗിയുടെ തലയിൽ കൈവെച്ച് നിൽക്കുന്ന ട്രംപിന്റെ കയ്യിൽ പ്രത്യേക പ്രകാശവലയവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർപാപ്പയുമായുള്ള വാക്‌പോര് മുറുകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പോസ്റ്റ്. ഉക്രെയ്ൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തതിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കരുതെന്നുമാണ് ട്രംപിന്റെ നിലപാട്. തന്നെ നേരിടാനാണ് അമേരിക്കക്കാരനായ 'ലിയോ'യെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് ആരോപിച്ച ട്രംപ്, താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ഇദ്ദേഹം വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും പറഞ്ഞു.

മുൻപും സമാനമായ രീതിയിൽ ട്രംപ് എഐ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മാർപാപ്പയുടെ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം നേരത്തെ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. മതം, രാഷ്ട്രീയം എന്നിവയെ കൂട്ടിക്കലർത്തുന്ന ട്രംപിന്റെ ശൈലിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.