ഇൻസ്റ്റഗ്രാമിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കുന്നു; മെയ് 8 മുതൽ മാറ്റം നിലവിൽ വരും
മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം തങ്ങളുടെ ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം നിർത്തലാക്കുന്നു. ഈ വർഷം മേയ് എട്ടോടെ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അയക്കുന്നയാളും സ്വീകർത്താവും ഒഴികെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മൂന്നാമതൊരാൾക്കും സന്ദേശങ്ങൾ കാണാൻ സാധിക്കില്ലെന്ന സ്വകാര്യത ഉറപ്പാക്കുന്ന ഫീച്ചറാണ് ഇതോടെ ഇല്ലാതാകുന്നത്. വാട്സാപ്, ഫേസ്ബുക്ക് മെസഞ്ചർ, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ഈ സുരക്ഷ ലഭ്യമാണ്.
ഈ മാറ്റം നിലവിൽ വരുന്നതോടെ അതീവ സ്വകാര്യമായ സന്ദേശങ്ങളും മീഡിയ ഫയലുകളും ഇൻസ്റ്റഗ്രാം വഴി അയക്കുന്നത് സുരക്ഷിതമല്ലാതായേക്കാം. അതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ചാറ്റുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പഴയ പതിപ്പിലുള്ള ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ ചാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നവർക്ക് സിഗ്നൽ, ടെലഗ്രാം അല്ലെങ്കിൽ മെറ്റയുടെ തന്നെ വാട്സാപ് പോലുള്ള പ്ലാറ്റ്‌ഫോമുകളെ തുടർന്നും ആശ്രയിക്കാവുന്നതാണ്.
ഈ ഫീച്ചറിന് ആവശ്യക്കാർ കുറവായതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും, എൻക്രിപ്ഷൻ സാങ്കേതികവിദ്യ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുമെന്ന ആഗോള തലത്തിലുള്ള അധികാരികളുടെ സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേയ് എട്ടിന് മുൻപായി തങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഇൻസ്റ്റഗ്രാം ഓർമ്മിപ്പിച്ചു.
