അന്റാർട്ടിക്കയിലെ വെള്ളിപ്പട്ടിനു മുകളിൽ ഫാത്തിമയുടെ 'വിജയക്കൊടി'

  1. Home
  2. Social Media

അന്റാർട്ടിക്കയിലെ വെള്ളിപ്പട്ടിനു മുകളിൽ ഫാത്തിമയുടെ 'വിജയക്കൊടി'

s


അന്റാർട്ടിക്കയിലെ വെള്ളിപ്പട്ടുടുത്ത മഞ്ഞുനിരകൾക്ക് മുകളിൽ യുഎഇയുടെ ചതുർവർണ ദേശീയ പതാക പാറിപ്പറക്കുന്നു. കൊടും തണുപ്പിനെയും ആഞ്ഞടിച്ച കാറ്റിനെയും തോൽപിച്ച്, അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ വിൻസൺ പർവതം (4,892 മീറ്റർ) കീഴടക്കി ഫാത്തിമ അബ്ദുൽറഹ്മാൻ അൽ അവദി എന്ന 18-കാരി ചരിത്രം കുറിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അറബ് ലോകത്തിന് തന്നെ അഭിമാനകരമായ ഈ നേട്ടം. ഈ കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അറബ് വംശജയെന്ന റെക്കോർഡും ഇതോടെ ഈ കൗമാരക്കാരി സ്വന്തമാക്കി.∙ ആ മല എന്നെ തളർത്തയില്ല, കൂടുതൽ കരുത്തുറ്റവളാക്കി മാറ്റി
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഫാത്തിമയുടെ മൂന്നാമത്തെ ചുവടുവയ്പ്പാണിത്. മൈനസ് 40 ഡിഗ്രി സെൽഷ്യസിലും താഴെ പോകുന്ന താപനിലയും ഏതു നിമിഷവും ദിശ മാറുന്ന കാറ്റും നിറഞ്ഞ അന്റാർട്ടിക്കയിലെ കാലാവസ്ഥയോട് മല്ലിട്ടായിരുന്നു ഈ യാത്ര. വിൻസൺ പർവ്വതം ശരിക്കും തന്നെ ഭയപ്പെടുത്തിയിരുന്നുവെന്നും പക്ഷേ, മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ചകൾ പറഞ്ഞറിയിക്കാനാവാത്തതാണെന്നും ഫാത്തിമ തന്റെ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് പറഞ്ഞു. ആ മല എന്നെ തളർത്തുകയല്ല, കൂടുതൽ കരുത്തുള്ളവളാക്കുകയാണ് ചെയ്തത്.തന്റെ ഈ ചരിത്ര നേട്ടം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 'രാഷ്ട്രമാതാവ്' ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക്കിനുമാണ് ഫാത്തിമ സമർപ്പിച്ചത്. കൗമാരക്കാരെയും സ്ത്രീകളെയും സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യത്തിന്റെ കരുത്താണ് തനിക്ക് ആവേശമായതെന്ന് ഫാത്തിമ പറയുന്നു. സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയായ ഫാത്തിമ പഠനത്തിനൊപ്പം തന്നെ തന്റെ സാഹസിക സ്വപ്നങ്ങളെയും ചേർത്തുപിടിക്കുന്നു.യുഎഇയുടെ 54 വർഷത്തെ വളർച്ചയുടെയും ഇച്ഛാശക്തിയുടെയും അടയാളമാണ് ഈ പതാകയെന്ന് ഫാത്തിമ അഭിമാനത്തോടെ പറഞ്ഞു. പാംസ് സ്പോർട്സ്, ദാർ അൽ തകാഫുൽ ഫൈനാൻസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ പര്യവേഷണം. ഇതിനുമുൻപ് യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസും ഫാത്തിമ കീഴടക്കിയിരുന്നു. വരും നാളുകളിൽ ലോകത്തിലെ ഏറ്റവും ദുഷ്കരമായ എക്സ്പ്ലോറേഴ്സ് ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുക എന്ന വലിയ സ്വപ്നത്തിലേക്കാണ് ഈ ധീരയായ പെൺകുട്ടി കണ്ണുവയ്ക്കുന്നത്.