'കോളജിൽ പോകും, ഊബർ ഓടിക്കും, മാസം 70,000 വരെ സമ്പാദിക്കും, നാട്ടിൽ ജോലി ഇല്ലെന്ന് പറയുന്നത് വെറുതെയാണ്'; ബി.ടെക് വിദ്യാർഥിയുടെ കഥ പങ്കുവെച്ച് ഷെഫ് പിള്ള

  1. Home
  2. Social Media

'കോളജിൽ പോകും, ഊബർ ഓടിക്കും, മാസം 70,000 വരെ സമ്പാദിക്കും, നാട്ടിൽ ജോലി ഇല്ലെന്ന് പറയുന്നത് വെറുതെയാണ്'; ബി.ടെക് വിദ്യാർഥിയുടെ കഥ പങ്കുവെച്ച് ഷെഫ് പിള്ള

CHEF PILLAI


എന്ത് തൊഴിൽ ചെയ്യാനുമുള്ള മനസ്സുണ്ടെങ്കിൽ നാട്ടിൽ തൊഴിലില്ലെന്ന് പറഞ്ഞ് നടക്കേണ്ടി വരില്ലെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രമുഖ പാചക വിദഗ്ധനും അവതാരകനുമായ ഷെഫ് സുരേഷ് പിള്ള.

കൊച്ചിയിൽ ഊബർ ഓടിച്ച് ബി.ടെക് പഠനത്തിന് പണം കണ്ടെത്തുന്ന വിദ്യാർഥിയുടെ വാക്കുകളാണ് സുരേഷ് പിള്ള പങ്കുവെച്ചത്. കക്കാനാട് സ്വദേശിയായ ബി.ടെക് അവസാന വർഷ വിദ്യാർഥി മുഹ്സിൻ വെക്കേഷൻ സമയത്തും വാരാന്ത്യങ്ങളിലും ജ്യേഷ്ഠന്റെ കാറെടുത്താണ് ഊബർ ഓടിക്കുന്നത്.

കഴിഞ്ഞ നാല് വർഷമായി കോളജ് ഫീസിന് വീട്ടിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നാണ് മുഹ്സിൻ പറയുന്നത്. ജോലിക്കിടെ പഠനം ബുദ്ധിമുട്ടാകില്ലേയെന്ന ചോദ്യത്തിന് “പഠിത്തമൊക്കെ ഉഷാറായി പോകുന്നു. നാട്ടിൽ ജോലി ഇല്ലെന്ന് പറയുന്നത് പലപ്പോഴും ഒരു എക്സ്ക്യൂസാണ്. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ വഴികൾ എപ്പോഴും ഉണ്ടാകും.” എന്നാണ് മുഹ്സി​​​ന്റെ മറുപടി. 

ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്
Where there is effort, there is always opportunity!, ഇന്ന് കൊച്ചിയിൽ ഒരു Uber യാത്ര. യാത്രയ്ക്കിടയിൽ ഡ്രൈവറുമായി നല്ലൊരു പരിചയം കൂടി. മുഹ്‌സിൻ. വീട് – കാക്കനാട്. വയസ് – 21. ഫൈനൽ ഇയർ BTech വിദ്യാർഥി. യാത്രയ്ക്കിടയിൽ കുറേ സംസാരിച്ചു. വെക്കേഷൻ സമയത്തും വാരാന്ത്യങ്ങളിലും ചേട്ടന്റെ കാറെടുത്ത് Uber ഓടിക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ.

ദിവസം ശരാശരി ₹2500–₹3000 വരുമാനം. ഇന്ധനച്ചെലവ് ഏകദേശം ₹800. ചില മാസങ്ങളിൽ ₹70,000 വരെ കൈവരുമത്രേ. പിന്നെ അവൻ പറഞ്ഞ ഒരു വാക്ക്… എന്നെ നിശ്ശബ്ദനാക്കി. കഴിഞ്ഞ നാല് വർഷമായി കോളേജ് ഫീസിന് വീട്ടിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല.

Uber തുടങ്ങുന്നതിന് മുമ്പും പല part-time ജോലികൾ ചെയ്തിട്ടുണ്ട്. ഞാൻ ചോദിച്ചു: “ഇതിനിടയിൽ പഠനം manage ചെയ്യാൻ ബുദ്ധിമുട്ടില്ലേ?”

മുഹ്‌സിൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “പഠിത്തമൊക്കെ ഉഷാറായി പോകുന്നു. നാട്ടിൽ ജോലി ഇല്ലെന്ന് പറയുന്നത് പലപ്പോഴും ഒരു excuse ആണ്. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ വഴികൾ എപ്പോഴും ഉണ്ടാകും.” കുട്ടിത്തം വിട്ടുമാറാത്ത മുഖം. പക്ഷേ വാക്കുകളിൽ അസാധാരണമായ പക്വതയും ആത്മവിശ്വാസവും. ഇത്തരം യുവാക്കളാണ് നമ്മുടെ നാടിന്റെ യഥാർത്ഥ ശക്തിയും ഭാവിയും. മുഹ്‌സിൻ… നീ ഒരു പ്രചോദനമാണ്."