ഇല്യൂമിനേറ്റിങ്; വന്ദേ ഭാരത് യാത്രയിൽ എ.ഐ വിസ്മയം റൗൾ ജോൺ അജുവിനെ കണ്ടുമുട്ടി ശശി തരൂർ
വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്കിടെ കേരളത്തിൽ നിന്നുള്ള യുവ എ.ഐ കണ്ടുപിടുത്തക്കാരൻ റൗൾ ജോൺ അജുവിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് ശശി തരൂർ എം.പി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കുന്ന 16-കാരനായ അജുവിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അജുവുമായുള്ള കൂടിക്കാഴ്ച അത്യന്തം പ്രചോദനാത്മകമാണെന്നും അദ്ദേഹം തന്റെ എക്സ് പേജിൽ കുറിച്ചു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്ക് എ.ഐ സാങ്കേതികവിദ്യ എത്തിക്കുന്നതിനായി താനും സുഹൃത്തുക്കളും ചേർന്ന് പുതിയ എ.ഐ മോഡൽ വികസിപ്പിക്കുകയാണെന്ന് അജു ശശി തരൂരിനോട് വിശദീകരിച്ചു. ഈ ലക്ഷ്യത്തെയും യുവപ്രതിഭയുടെ കഴിവിനെയും അഭിനന്ദിച്ച തരൂർ, അജുവുമായി സംസാരിക്കുന്ന 54 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ കൊച്ചു കേരളത്തിൽ നിന്നുള്ള യുവാക്കൾ നിർമ്മിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
