മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി ഇൻസ്റ്റാഗ്രാം; ട്വിറ്ററിന് വെല്ലുവിളിയാകും

  1. Home
  2. Social Media

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി ഇൻസ്റ്റാഗ്രാം; ട്വിറ്ററിന് വെല്ലുവിളിയാകും

Instagram with new app


അടുത്ത മാസം അവസാനത്തോടെ ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന്റെ ജനപ്രീതി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്‍സ്റ്റാഗ്രാം പുതിയ പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത്.

എഴുത്തിലൂടെ ആശയവിനിമയം നടത്താനാകുന്ന ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്പ് ആയിരിക്കുമിതെന്ന് ലിയ ഹേബര്‍മാന്‍ എന്ന ടിപ്പ്സ്റ്റര്‍ തന്റെ ഐസിവൈഎംഐ സബ്ട്രാക്ക് ന്യൂസ് ലെറ്ററിലൂടെ വ്യക്തമാക്കി. പി92 എന്നാണ് ഈ ആപ്പിന്റെ കോഡ് നെയിം."ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയൂ, നിങ്ങളുടെ പ്രേക്ഷകരുമായും സഹൃദയരുമായും നേരിട്ട് സംസാരിക്കൂ" എന്നാണ് ആപ്പിന്റെ ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്.

ടെക്സ്റ്റിനൊപ്പം ലിങ്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും പങ്കുവെക്കാനാകും. ഇവയ്ക്ക് ലൈക്കുകളും റിപ്ലൈകളും ചെയ്യാനാവും. ട്വീറ്റിന് സമാനമായ പോലെയാകും പോസ്റ്റുകള്‍ ടൈംലൈനില്‍ പ്രദര്‍ശിപ്പിക്കപ്പെടുക. ചുരുക്കത്തിൽ ഇന്‍സ്റ്റാഗ്രാമിന്റേയും ട്വിറ്ററിന്റേയും സമ്മിശ്ര രൂപമായിരിക്കും ഈ പുതിയ ആപ്പ്.

മാസ്റ്റഡണ്‍ പോലുള്ള മറ്റ് ആപ്പുകളുമായും ഈ പുതിയ ആപ്പ് ബന്ധിപ്പിക്കപ്പെടും. ആരെല്ലാം റിപ്ലൈ ചെയ്യണം, ആരെല്ലാം മെന്‍ഷന്‍ ചെയ്യണം എന്നെല്ലാം തീരുമാനിക്കാനുള്ള സൗകര്യം സെറ്റിങ്‌സിലുണ്ടാവും. ആളുകള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യാനും നിങ്ങളുമായി ആശയവിനിമയം നടത്താനും നിങ്ങളുടെ പബ്ലിക്ക് ഉള്ളടക്കങ്ങള്‍ കാണാനുമെല്ലാം കഴിയും.