‘വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം’; വൈറലായി വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണങ്ങൾക്കൊടുവിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്ന് മാറി വനപ്രദേശത്ത് ട്രക്കിംഗ് നടത്തുന്ന വീഡിയോയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ‘വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും’ എന്നാണ് സതീശൻ തന്റെ പേജിൽ കുറിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് വലിയ വിജയം നേടുമെന്ന് പ്രവചിച്ചതിന് പിന്നാലെ, തനിക്ക് കുറച്ചുദിവസം മാറിനിൽക്കണമെന്നും കാട്ടിൽ പോയി ആരോഗ്യം വീണ്ടെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് ഭരണപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുള്ള കൃത്യമായ മറുപടിയാണ് തന്റെ പുതിയ പോസ്റ്റിലൂടെ അദ്ദേഹം നൽകിയിരിക്കുന്നത്. വനവാസത്തിനല്ല, മറിച്ച് മെയ് നാലിന് വോട്ടെണ്ണുമ്പോൾ വരാനിരിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് താനെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും തന്റെ ഇഷ്ടവിനോദമായ ട്രക്കിംഗിനായി സമയം കണ്ടെത്താനും പ്രതിപക്ഷ നേതാവ് കാണിച്ച താല്പര്യത്തെ പലരും അഭിനന്ദിച്ചു. വോട്ടെണ്ണൽ ദിനത്തിനായി കാത്തിരിക്കുന്ന മുന്നണികൾക്കിടയിൽ വി.ഡി. സതീശന്റെ ഈ ‘വനയാത്ര’ പുതിയൊരു രാഷ്ട്രീയ സംവാദത്തിന് കൂടി വഴിതുറന്നിരിക്കുകയാണ്.
