'ഇതൊരു പിൻതുടർച്ച മാത്രമല്ല'; ക്രസന്റ് ഹൗസ് ഓർമ്മകളിൽ വികാരാധീനനായി ഡോ. എം.കെ. മുനീർ

  1. Home
  2. Social Media

'ഇതൊരു പിൻതുടർച്ച മാത്രമല്ല'; ക്രസന്റ് ഹൗസ് ഓർമ്മകളിൽ വികാരാധീനനായി ഡോ. എം.കെ. മുനീർ

m k muneer


കടബാധ്യതകളെത്തുടർന്ന് പ്രതിസന്ധിയിലായ തന്റെ വസതി 'ക്രസന്റ് ഹൗസ്' മുസ്‌ലിം ലീഗ് ഇടപെട്ട് സംരക്ഷിച്ചതിന് പിന്നാലെ, വൈകാരികമായ ഓർമ്മക്കുറിപ്പുമായി ഡോ. എം.കെ. മുനീർ. 1965-ൽ തന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ ക്രസന്റ് ഹൗസിന്റെ ഗൃഹപ്രവേശനത്തിനായി സുഹൃത്തുക്കൾക്ക് നൽകിയ ക്ഷണക്കത്ത് പങ്കുവെച്ചുകൊണ്ടാണ് മുനീർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. കൃത്യം 61 വർഷങ്ങൾക്ക് മുൻപ് ഒരു മാർച്ച് 28-നായിരുന്നു ആ ഗൃഹപ്രവേശം നടന്നത്.

"ഇത് ഒരു പിൻതുടർച്ച മാത്രമല്ല, ഒരു മനോഹരമായ കാലത്തിന്റെ ജീവനുള്ള സ്മരണ കൂടിയാണ്" എന്ന് മുനീർ കുറിച്ചു. ക്രസന്റ് ഹൗസിന്റെ ചുവരുകൾക്കുള്ളിൽ തന്നെ തുടരാൻ അവസരം നൽകിയ തന്റെ പ്രിയപ്പെട്ട പാർട്ടിയെ കൃതജ്ഞതയോടെ ഓർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സി.എച്ച്. മുഹമ്മദ് കോയ തന്റെ സുഹൃത്തായ പി.വി. കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് നൽകിയ ക്ഷണക്കത്ത് വർഷങ്ങൾക്കിപ്പുറവും സൂക്ഷിച്ചുവെച്ച അദ്ദേഹത്തിന്റെ മകന് മുനീർ നന്ദി രേഖപ്പെടുത്തി. ലളിതമായ ആ ക്ഷണക്കത്തിൽ ഒരു കാലഘട്ടത്തിന്റെ ചാരുതയും ബന്ധങ്ങളുടെ ആത്മാർത്ഥതയും തുടിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മാർച്ച് 28 ❤️

കാലം പിന്നോട്ട് പോയതുപോലെ തോന്നുന്ന ഒരു ദിവസം…

1965-ൽ എൻറെ പിതാവ് , ‘ക്രസന്റ്’ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് സ്നേഹപൂർവ്വം നൽകിയ ക്ഷണക്കത്ത്,ഇന്നും അതേ ഭംഗിയോടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

ലളിതമായ കാർഡിൽ ഒരു കാലഘട്ടത്തിന്റെ ചാരുതയും, വാക്കുകളുടെ മാധുര്യവും, ബന്ധങ്ങളുടെ ആത്മാർത്ഥതയും ജീവിക്കുന്നു.

‘ഹൃദ്യമായി നിങ്ങളുടെ സാന്നിധ്യം അഭ്യർത്ഥിക്കുന്നു.’ലളിതമെങ്കിലും ഹൃദ്യം.

61 വർഷങ്ങൾക്കിപ്പുറം,

ഇത് ഒരു പിൻ തുടർച്ച മാത്രമല്ല.

ഒരു മനോഹരമായ കാലത്തിന്റെ ജീവനുള്ള സ്മരണ കൂടിയാണ്.

അതേ ‘ക്രസന്റ് ഹൗസിൻറെ’ചുവരുകൾക്കുള്ളിൽ നിന്ന് ഈ നിമിഷങ്ങൾ വീണ്ടും ഓർമ്മിക്കാൻ അവസരം നൽകിയ എൻറെ പ്രിയപ്പെട്ട പാർട്ടിയെ കൃതജ്ഞതയോടെ ഓർക്കുന്നു.

പി. വി. കുഞ്ഞബ്ദുള്ള മാസ്റ്റർക്കു ബാപ്പ നൽകിയ ഈ അമൂല്യമായ ക്ഷണക്കത്ത് സൂക്ഷിച്ച അദ്ദേഹത്തിന്റെ പുത്രനും സ്‌നേഹം…