‘പിന്നിൽ നിൽക്കുന്ന ആ കുട്ടി ഒരുനാൾ DMKയെ തകർക്കുമെന്ന് കലൈഞ്ജർ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാകില്ല’,വൈറലായി അപൂർവ്വ ചിത്രം
തമിഴ്‌നാട് രാഷ്ട്രീയത്തിലെ അവിശ്വസനീയമായ മാറ്റങ്ങൾക്കിടയിൽ, മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും ഇന്നത്തെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ താരം വിജയ്യും ഒന്നിച്ചുള്ള ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ഉദ്ഘാടന ചടങ്ങിൽ കരുണാനിധിയുടെ പിന്നിൽ ശാന്തനായി നിൽക്കുന്ന കൊച്ചുബാലനായ വിജയ്യെ ചിത്രത്തിൽ കാണാം.
സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഈ ചിത്രം എക്സിൽ പങ്കുവെച്ചത്. "തനിക്ക് പിന്നിൽ നിൽക്കുന്ന കുട്ടി ഒരുനാൾ തന്റെ പാർട്ടിയെ തകർക്കുമെന്ന് കലൈഞ്ജർ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല" എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. അഞ്ച് പതിറ്റാണ്ടോളം കരുണാനിധി നയിച്ച ഡിഎംകെയെ തകർത്തെറിഞ്ഞാണ് വിജയ് നയിക്കുന്ന ടിവികെ തമിഴ്‌നാട്ടിൽ അധികാരം പിടിച്ചിരിക്കുന്നത്.
2021-ൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ 159 സീറ്റുകൾ നേടി അധികാരത്തിലെത്തിയ ഡിഎംകെ, ഇത്തവണ വെറും 59 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി സ്റ്റാലിൻ സ്വന്തം മണ്ഡലമായ കൊളത്തൂരിൽ ടിവികെ സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയും ചെയ്തു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടിയ വിജയ്, സ്വാതന്ത്ര്യാനന്തര തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച അരങ്ങേറ്റമാണ് കാഴ്ചവെച്ചത്.
