ഇൻസ്റ്റഗ്രാം പിടിച്ചടക്കി പാക്കിസ്ഥാനിലെത്തിയ മലയാളി ചാരന്മാർ; ട്രെൻഡിങി​ന്റെ കാരണമറിയാമോ?

  1. Home
  2. Social Media

ഇൻസ്റ്റഗ്രാം പിടിച്ചടക്കി പാക്കിസ്ഥാനിലെത്തിയ മലയാളി ചാരന്മാർ; ട്രെൻഡിങി​ന്റെ കാരണമറിയാമോ?

insta trending


പാക്കിസ്ഥാനിലെത്തിയ മലയാളി ചാരന്റെ ആദ്യ ദിനം എങ്ങനെയായിരിക്കും എന്ന കുറിപ്പോടു കൂടിയ റീൽസ് ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിറയെ. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സെല്ലാം ഇപ്പോൾ പാക്കിസ്ഥാനിലെ 'അണ്ടർകവർ ഏജന്റുമാരായി' വേഷം മാറിയിരിക്കുകയാണ്. ഗൗരവത്തോടെയുള്ള ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി പാക്കിസ്ഥാനികളെ പാട്ടിലാക്കിയ ശേഷം, ഏറ്റവും ഒടുവിൽ ഏതെങ്കിലും ഒരു 'മലയാളി മണ്ടത്തരം' പറഞ്ഞ് കയ്യോടെ പിടിക്കപ്പെടുന്നതാണ് ഈ റീലുകളുടെ ഹൈലൈറ്റ്.

ഇതൊന്നും ചുമ്മാ അങ്ങ് പൊട്ടിപ്പുറപ്പെട്ടതല്ല കേട്ടോ! ബോളിവുഡ് താരം രൺവീർ സിംഗിന്റെ പുതിയ ചിത്രമായ 'ദുരന്ധർ' (Dhurandhar) ആണ് ഈ ട്രെൻഡിന് പിന്നിലെ യഥാർത്ഥ വില്ലൻ. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹംസ അലി മസാരി എന്ന അണ്ടർകവർ ഏജന്റായാണ് രൺവീർ എത്തുന്നത്. കറാച്ചിയിലെ അധോലോകത്തേക്ക് നുഴഞ്ഞുകയറുന്ന രൺവീറിന്റെ സാഹസങ്ങളെ അല്പം നർമ്മം കലർത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സംഭവം വൈറലായി.

ബഹ്‌റൈനിയൻ റാപ്പർ ഫ്ലിപ്പറാച്ചിയുടെ 'FA94A' എന്ന അറബിക് ട്രാക്കിന്റെ പശ്ചാത്തലത്തിൽ, സ്റ്റൈലായി നടന്നു വരുന്ന ചാരന്മാർ ഒടുവിൽ ചായക്കടക്കാരനോട് അറിയാതെ 'ഒരു ചായ എടുത്തോ' എന്ന് മലയാളത്തിൽ ചോദിക്കുന്നതോ അല്ലെങ്കിൽ കടുപ്പത്തിലൊരു ലുക്ക് കൊടുത്ത് 'നാട്ടിലെവിടെയാ' എന്ന് ചോദിക്കുന്നതോ ഒക്കെയാണ് റീലുകളിലെ കോമഡി. മലയാളികൾ മാത്രമല്ല, ഇന്ത്യയൊട്ടാകെ ഇപ്പോൾ ഈ ചാരന്മാരുടെ റീൽസ് കണ്ട് ആസ്വദിക്കുകയാണ്. ചുരുക്കത്തിൽ, രൺവീർ സിംഗിന്റെ ഗൗരവമുള്ള ചാരപ്പണി ഇൻസ്റ്റഗ്രാമിൽ എത്തിയപ്പോൾ പക്കാ കോമഡിയായി മാറിയിരിക്കുകയാണ്!